വിവാഹത്തിന് വിസമ്മതിച്ചു; മകളെ കനാലിൽ തള്ളിയിട്ട് കൊല്ലാൻ പിതാവിന്റെ ശ്രമം

വിവാഹത്തിന് സമ്മിതിക്കാതെ പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച മകൾക്ക് നേരെ പിതാവിന്റെ വധശ്രമം. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. പതിനഞ്ച് വയസുകാരിയേയാണ് പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു കൊലപാതക ശ്രമം. സംഭവത്തിൽ കേസ് എടുത്തതായി ഷാജഹാൻപുർ സീനിയർ പൊലീസ് ഉദ്യോഗസ്ഥന് ദിനേശ് തൃപ്പതി പറഞ്ഞു.
പെൺകുട്ടിയെ കനാലിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പിതാവിന്റെ ശ്രമം. ആളൊഴിഞ്ഞ കനാലിന് സമീപത്തേക്ക് പിതാവ് തന്നെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. സഹോദരനും അച്ഛന് കൂട്ടു നിന്നു. കഴുത്തിൽ ഷോളിട്ട് മുറുക്കിയത് സഹോദരനാണ്. അച്ഛൻ കൈയിൽ കത്തി കരുതിയിരുന്നു. ക്രൂരമർദ്ദനമാണ് അവർ അഴിച്ചുവിട്ടത്. കേണപേക്ഷിച്ചിട്ടും മർദ്ദനം നിർത്താൻ തയ്യാറായില്ല. പഠനം നിർത്തി വിവാഹം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ കനാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. അൽപ സമയത്തിന് ശേഷം മകൾ ജീവനോടെയുണ്ടോ എന്നറിയാൻ അയാൾ കനാലിന് സമീപം വന്നു നോക്കിയതായി പൊലീസ് പറയുന്നു. നീന്തൽ അറിയാമായിരുന്ന പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടി കഴിഞ്ഞ രണ്ട് മാസമായി സഹോദരി ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് പഠിക്കുന്നതിനോട് മാതാപിതാക്കൾ എതിരായിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരി ഭർത്താവ് പറഞ്ഞു. വിവാഹത്തിന് അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾക്ക് മുൻപ് അച്ഛൻ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അറിയുന്നത് അവളെ കനാലിൽ നിന്നും കണ്ടെത്തിയെന്നുള്ള വാർത്തയാണെന്നും പെൺകുട്ടിയുടെ സഹോദരി ഭർത്താവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here