രാഹുലിന് വയനാട് മണ്ഡലം മാത്രം നോക്കിയാൽ പോരാ; എപ്പോഴും സാന്നിദ്ധ്യം പ്രതീക്ഷിക്കരുതെന്ന് മുല്ലപ്പള്ളി

രാഹുൽ ഗാന്ധിക്ക് കേവലം വയനാട് മണ്ഡലം മാത്രം നോക്കിയാൽ പോരെന്നും എം.പി യെന്ന നിലയിൽ എപ്പോഴും രാഹുലിന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കരുതെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് സമയപരിമിതിയുണ്ട്. പാർലമെന്റ് നടപടി ക്രമങ്ങളിൽ മാത്രമല്ല ഇന്ത്യ മുഴുവൻ അദ്ദേഹത്തിന് ഓടിയെത്തേണ്ടതുണ്ട്.
രാഹുലിന്റെ അസാന്നിദ്ധ്യം ജനങ്ങൾക്ക് അനുഭവപ്പെടാതിരിക്കാൻ വയനാട് മണ്ഡലത്തിൽ കൽപ്പറ്റയിലും മുക്കത്തുമായി രണ്ട് ഓഫീസുകൾ ആരംഭിക്കുമെന്നും മുല്ലപ്പള്ളി രാചന്ദ്രൻ പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിൽ നിന്ന് വിട്ട് നിൽക്കരുതെന്ന് എം പി മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ എല്ലാ എംപിമാരും ജാഗ്രത പുലർത്തണം. എല്ലാവരും സഭയിൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരള കോൺഗ്രസിലുണ്ടായിട്ടുള്ള പ്രതിസന്ധി സൗഹാർദ്ദപരമായി തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നത്. പി.ജെ ജോസഫും ജോസ് കെ മാണിയുമായി താൻ സംസാരിച്ചിരുന്നു. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനാണ് കോൺഗ്രസ് നേരത്തെ മുതൽ ശ്രമിക്കുന്നത്. അനുരഞ്ജനത്തിന്റെ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല. അതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here