ലൂസിഫർ 2? സസ്‌പെൻസുമായി വീണ്ടും മുരളി ഗോപി

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ സമാനതകളില്ലാത്ത വിജയമാണ് ബോക്‌സോഫീസിൽ നേടിയത്.  ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെന്ന സൂചന നൽകി ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വീണ്ടും സസ്‌പെൻസ് നൽകി രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി.

ഹാഷ്ടാഗിൽ എൽ എന്ന് എഴുതിയിട്ടുള്ളതാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. നാളെ വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് ആറ് മണിക്കാകും പ്രഖ്യാപനമെന്നാണ് സൂചന. ചിത്രം സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും മുരളി ഗോപി നൽകിയിട്ടില്ല. പൃഥ്വിരാജ് തന്നെയാകുമോ സംവിധാനം എന്നകാര്യത്തിലും വ്യക്തതയില്ല. അതേസമയം മുരളിഗോപിയുടെ പോസ്റ്റിന് താഴെ കട്ടവെയിറ്റിംഗ് എന്ന കമൻറുകളുമായി ആരാധകരും രംഗത്തെത്തി.

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയോടെയാണ് ലൂസിഫർ എത്തിയത്. എട്ടു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മോഹൻലാലിന് പുറമെ ബോളിവുഡ് താരം വിവേക് ഒബ്‌റോയി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാർ, ബാല, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂർ, റഷ്യ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം മാർച്ച് 28നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.ഗൾഫിനു പുറമേ യു.എസ്, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Read more: ലൂസിഫർ 2 ഉടൻ? വൈറലായി മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top