സച്ചിനെ ഓർമിപ്പിച്ച് രോഹിതിന്റെ സിക്സർ; 16 കൊല്ലം പിന്നിലേക്കു നടന്ന് ‘നൊസ്റ്റു’ അടിച്ച് സോഷ്യൽ മീഡിയ: വീഡിയോ

പാക്കിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറിയടിച്ച രോഹിത് ശർമ്മയെ പുകഴ്ത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. 113 പന്തുകളിൽ 140 എടുത്ത രോഹിതിൻ്റെ ഇന്നിംഗ്സിൽ അവിസ്മരണീയമായ ഒട്ടേറെ ഷോട്ടുകളുണ്ടായിരുന്നു. എന്നാൽ അതിലൊരു ഷോട്ട് ആരാധകരെ 16 വർഷം പിന്നിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. രോഹിതിൻ്റെ ഷോട്ട് സച്ചിൻ്റെ ഷോട്ടുമായാണ് ആരാധകർ ഉപമിക്കുന്നത്.
27ആം ഓവറിൽ പാക്ക് പേസർ ഹസൻ അലിക്കെതിരെയായിരുന്നു രോഹിതിൻ്റെ നൊസ്റ്റു ഷോട്ട്. ഓഫ് സ്റ്റമ്പിനു പുറത്ത് വന്ന ഷോർട്ട് പിച്ച് പന്ത് അപ്പർ കട്ടിലൂടെ പോയിൻ്റിനു മുകളിലേക്ക് പറത്തിയ രോഹിത് 2003ലെ ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരമാണ് ഓർമിപ്പിച്ചത്. ആ മത്സരത്തിലെ ഇന്ത്യൻ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ ഷൊഐബ് അക്തറിനെതിരെ സച്ചിൻ നേടിയ സിക്സറിനു സമാനമായിരുന്നു ഇതും.
അന്ന് 75 പന്തുകളിൽ 98 റൺസെടുത്ത സച്ചിനാണ് ഇന്ത്യക്ക് അവിസ്മരണീയ ജയമൊരുക്കിയത്. കഴിഞ്ഞ മത്സരത്തിൽ 140 റൺസെടുത്ത രോഹിതിൻ്റെ ഇന്നിംഗ്സ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. അന്ന് സച്ചിനും ഇന്ന് രോഹിതുമാണ് മാൻ ഓഫ് ദി മാച്ചായത്.
2003ൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ സയീദ് അൻവറുടെ സെഞ്ചുറിയുടെ മികവിൽ നിശിചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 273 റൺസ് അടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി സച്ചിനും സെവാഗും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് മുഹമ്മദ് കൈഫ്, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പം അര സെഞ്ചുറിയടിച്ച യുവരാജും ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 26 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം.
സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ വെച്ച് അക്തറിനു മുന്നിൽ വീണെങ്കിലും സച്ചിൻ്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയാണ് ഇതിനെ പലരും കണക്കാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here