അരാംകോയുടെ ഓഹരികൾ അനുയോജ്യമായ സമയത്ത് വിപണിയിലെത്തിക്കും : സൗദി അറേബ്യ

പൊതുമേഖലാ എണ്ണ കമ്പനി അരാംകോയുടെ ഓഹരികൾ അനുയോജ്യമായ സമയത്ത് വിപണിയിലെത്തിക്കുമെന്ന് സൗദി അറേബ്യ. ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരികൾ വിൽപ്പന നടത്തും. ഇതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

അരാംകൊ ഓഹരികൾ വിൽപനക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി വിപണിയിലെ ചലനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷന്റെ ഓഹരികൾ അരാംകോ വാങ്ങുന്നതിന് നീക്കം നടക്കുന്നുണ്ട്. സൗദിയുടെ പൊതു നിക്ഷേപ നിധി ഇതിനായി വിനിയോഗിക്കും. ഇതോടെ ഊർജം, പെട്രോകെമിക്കൽ മേഖലയിലെ വമ്പൻ കമ്പനിയായി സൗദി അറാംകൊ മാറും. അന്താരാഷ്ട്ര എണ്ണ വിപണിയിലെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. എങ്കിലും വരുമാനം വർധിപ്പിക്കുന്നതിനും വളർച്ച നേടുന്നതിനും അരാംകൊയ്ക്ക് കഴിയും.

അരാംകൊയുടെ അഞ്ചു ശതമാനം ഷെയറുകളാണ് വിപണിയിലെത്തിക്കുന്നത്. ഇത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഇനീഷ്യൽ പബഌക് ഓഫറിംഗ് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഹരി വിൽപനയിലൂടെ സമാഹരിക്കുന്ന പണം സൗദി പൊതു നിക്ഷേപ നിധിയിലേക്കു മാറ്റും. ഇതോടെ ലോകത്തെ ഏറ്റവും വലിയ സർവാധികാര ഫണ്ടായി സൗദി പൊതു നിക്ഷേപ നിധി മാറും. ഇതു ഉപയോഗിച്ചു സൗദിയിലും വിദേശത്തും നിക്ഷേപ പദ്ധതികൾ നടപ്പിലാക്കും. ഇതുവഴി രാജ്യത്തിന് വരുമാനത്തിനുളള സ്രോതസ്സുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top