കേരള കോൺഗ്രസിലെ ചേരിപ്പോര്; കോൺഗ്രസ്, ലീഗ് നേതാക്കൾ പി ജെ ജോസഫുമായി ചർച്ച നടത്തി

കേരള കോൺഗ്രസിലെ ചേരിപ്പോര് അവസാനിപ്പിക്കാൻ തീവ്രശ്രമവുമായി കോൺഗ്രസ് ലീഗ് നേതാക്കൾ. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം കെ മുനീർ എന്നിവർ പി ജെ ജോസഫുമായി ചർച്ച നടത്തി. പരസ്യ വിഴുപ്പലക്കൽ അരുതെന്ന് യുഡിഎഫ് നേതൃത്വം കേരള കോൺഗ്രസ് വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു.
കേരള കോൺഗ്രസിലെ ചേരിപ്പോര് യുഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഘട്ടത്തിലാണ് കോൺഗ്രസ് ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ. നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിലായിരുന്നു ചർച്ച. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേടിയ വൻ വിജയത്തിനു പിന്നാലെ മുഖ്യ ഘടക കക്ഷികളിലുണ്ടായ ചേരിപ്പോരിൽ നേതാക്കൾ അതൃപ്തി അറിയിച്ചു.
നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യവും കോൺഗ്രസ് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് ഏകപക്ഷീയമെന്നും അംഗീകരിക്കാനാവില്ലെന്നും പി ജെ ജോസഫ് കോൺഗ്രസ് ലീഗ് നേതാക്കളോട് പറഞ്ഞു. കോടതി വിധി വരുന്നതുവരെ പ്രകോപനമരുതെന്നും പരസ്യ വിഴുപ്പലക്കൽ പാടില്ലെന്നും യുഡിഎഫ് നേതൃത്വം കേരള കോൺഗ്രസ് വിഭാഗങ്ങളെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here