അധിർ രഞ്ജൻ ചൗധരി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായേക്കും

പശ്ചിമ ബംഗാളിൽ നിന്നുള്ള എം പി അധിർ രഞ്ജൻ ചൗധരി കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായേക്കും. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സോണിയ ഗാന്ധിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സഭയിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട നയങ്ങളെ സംബന്ധിച്ചും ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗം ചർച്ച ചെയ്തു. പ്രതിപക്ഷം ലോക്‌സഭാ സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, എ കെ ആന്റണി, പി ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ അധിർ രഞ്ജൻ ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവാക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചതായാണ് സൂചന. പശ്ചിമ ബംഗാളിലെ ബെർഹാം പൂർ മണ്ഡലത്തിൽ നിന്നാണ് അധിർ രഞ്ജൻ വിജയിച്ചത്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. ഏഴാം തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ് മുതിർന്ന എം പിയെങ്കിലും ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് അധിർ രഞ്ജനെ തെരഞ്ഞെടുക്കാൻ നേതാക്കൾ തയ്യാറാകുന്നതെന്നാണ് സൂചന.

അതേസമയം കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭാ സ്പീക്കർ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മത്സരത്തിന് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സഭയിൽ ബിജെപിക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകൾ, പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയ കാര്യങ്ങളും സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ചയായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top