റൂട്ടിളകാതെ റൂട്ടും ബാരിസ്റ്റോയും; ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്. 33 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് അവർ നേടിയിരിക്കുന്നത്. അർദ്ധശതകങ്ങൾ നേടിയ ജോണി ബാരിസ്റ്റോയും ജോ റൂട്ടും ചേർന്നാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ കൃത്യതയോടെ പന്തെറിഞ്ഞ അഫ്ഗാനിസ്ഥാൻ ബൗളർമാർ നിയന്ത്രിച്ചു നിർത്തുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. പരിക്കേറ്റു പുറത്തായ ജേസൻ റോയ്ക്കു പകരം ടീമിലെത്തിയ ജെയിംസ് വിൻസ് കെട്ടു പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ പവർ പ്ലേയുടെ അവസാന ഓവറിൽ വീണു. 26 റൺസെടുത്ത വിൻസ് ദൗലത് സദ്രാൻ്റെ പന്തിൽ മുജീബ് റഹ്മാനു പിടികൊടുത്ത് മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റിൽ ജോണി ബാരിസ്റ്റോയുമായി 44 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് വിൻസ് മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ ജോ റൂട്ടും ജോണി ബാരിസ്റ്റോയും അനായാസം അഫ്ഗാൻ ബൗളർമാരെ നേരിട്ടു. അഫ്ഗാൻ നിരയിലെ ഏറ്റവും മികച്ച ബൗളർമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് ഏറ്റവും കൂടുതൽ തല്ല് വാങ്ങിയത്. 61 പന്തുകളിൽ തൻ്റെ അർദ്ധ സെഞ്ചുറി കുറിച്ച ബാരിസ്റ്റോ സെഞ്ചുറിക്ക് 10 റൺസകലെ പുറത്തായി. രണ്ടാം വിക്കറ്റിൽ ജോ റൂട്ടുമായി 120 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ബാരിസ്റ്റോ പുറത്തായത്. 90 റൺസെടുത്ത ബാരിസ്റ്റോയെ സ്വന്തം ബൗളിംഗിൽ ഗുൽബദിൻ നെയ്ബ് പിടികൂടി.

ശേഷം ക്രീസിലെത്തിയ ഓയിൻ മോർഗൻ ആക്രമണാത്മ ബാറ്റിംഗാണ് കാഴ്ച വെച്ചത്. ഗുൽബദിനെ തുടർച്ചയായി രണ്ടു തവണ സിക്സർ പറത്തിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ശരവേഗത്തിലാണ് സ്കോർ ചെയ്തത്. ഇതിനിടെ 54 പന്തുകളിൽ റൂട്ട് അർദ്ധശതകം കുറിച്ചു. നിലവിൽ 50 റൺസെടുത്ത റൂട്ടും 19 റൺസെടുത്ത മോർഗനും പുറത്താവാതെ നിൽക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top