ഇംഗ്ലണ്ടിന്റെ കൊല്ലാക്കൊല; പഴങ്കഥയായത് ഒരുപിടി റെക്കോർഡുകൾ

അഫ്ഗാനിസ്ഥാനെതിരെ 397 റൺസ് അടിച്ചു കൂട്ടിയ ഇംഗ്ലണ്ട് കടപുഴക്കിയത് ഒരുപിടി റെക്കോർഡുകളാണ്. അതിൽ തന്നെ പലതും ഓയിൻ മോർഗനാണ് തകർത്തത്. മോർഗനൊപ്പം ജോ റൂട്ടും ചില റെക്കോർഡുകളിൽ പങ്കാളിയായി.
ഏകദിന ചരിത്രത്തിൽ തന്നെ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ടീമെന്ന റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. 25 സിക്സറുകളാണ് ഇംഗ്ലണ്ട് അടിച്ചത്. തങ്ങളുടെ തന്നെ 24 സിക്സറുകളാണ് ഇംഗ്ലണ്ട് തകർത്തത്. ഇക്കൊല്ലം ഫെബ്രുവരി 27ന് ഗ്രെനാഡയിൽ നടന്ന നാലാം ഏകദിനത്തിൽ വിൻഡീസിനെതിരെയായിരുന്നു ഇംഗ്ലണ്ട് 24 സിക്സറുകളടിച്ചത്.
ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവുമധികം സിക്സറുകളും ഇംഗ്ലണ്ടിൻ്റെ പേരിലാണ്. 2015 ലോകകപ്പിൽ സിംബബ്‌വെയ്ക്കെതിരെ വെസ്റ്റ് ഇൻഡീസ് കാൻബറയിൽ അടിച്ച 19 സിക്സറുകളാണ് രണ്ടാമത്.
ഇംഗ്ലണ്ട് അടിച്ച 397 ലോകകപ്പുകളിലെ അവരുടെ ഏറ്റവും ഉയർന്ന സ്കോറാണ്. ഈ ലോകകപ്പിൽ തന്നെ ബംഗ്ലാദേശിനെതിരെ കാർഡിഫിൽ അടിച്ച 386 റൺസാണ് അവർ മറികടന്നത്.
മൂന്നാം വിക്കറ്റിൽ ജോ റൂട്ടും ഓയിൻ മോർഗനും ചേർന്ന് നേടിയ 189 റൺസാണ് ലോകകപ്പിലെ അവരുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. 1975ൽ നടന്ന പ്രഥമ ലോകകപ്പിൽ ഇന്ത്യക്കെതിരെ ഡെന്നിസ് അമിസും കീത്ത് ഫ്ലെച്ചറും ചേർന്ന് നേടിയ 176 റൺസാണ് ഇവർ തകർത്തത്.
ഏകദിന മത്സരത്തിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ അടിക്കുന്ന താരമെന്ന റെക്കോർഡ് ഓയിൻ മോർഗൻ സ്വന്തമാക്കി. 17 സിക്സറുകളാണ് മോർഗൻ അടിച്ചത്. രോഹിത് ശർമ്മയും എബി ഡിവില്ല്യേഴ്സും ക്രിസ് ഗെയിലും അടിച്ച 16 സിക്സറുകളാണ് മോർഗൻ മറികടന്നത്. ലോകകപ്പിലെ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ മോർഗൻ സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ കാൻബറയിൽ ക്രിസ് ഗെയിൽ നേടിയ 16 സിക്സറുകളാണ് രണ്ടാമത്.
ഒപ്പം, അഫ്ഗാൻ താരം റാഷിദ് ഖാനും ഒരു റെക്കോർഡിട്ടു. ഇംഗ്ലണ്ടിനെതിരെ 9 ഓവറിൽ 110 റൺസ് വഴങ്ങിയ റാഷിദ് ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം റൺസ് വഴങ്ങുന്ന ബൗളറായി. ന്യൂസിലൻഡിൻ്റെ മാർട്ടിൻ സ്നെഡ്ഡൻ്റെ 105 റൺസ് വഴങ്ങിയ പ്രകടനമാണ് റാഷിദ് മറികടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here