Advertisement

ബിനോയ്‌ക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നു; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറെന്ന് യുവതി ട്വന്റിഫോറിനോട്

June 18, 2019
Google News 0 minutes Read

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ ഉറച്ചു നിൽക്കുന്നതായി യുവതി. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. കുട്ടിയുടെ അച്ഛൻ ബിനോയ് ആണ്. പാസ്‌പോർട്ടിൽ കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു.

2010 മുതൽ 2015 വരെ അഞ്ച് വർക്കാലം ബിനോയ് ആണ് ചിലവിന് നൽകിയിരുന്നത്. കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണ്. ബിനോയിയുടെ ബ്ലാക്ക്‌മെയിലിംഗ് പരാതിയെ നേരിടുമെന്നും യുവതി പറഞ്ഞു.

ബിഹാർ സ്വദേശിനിയായ മുൻ ബാർ ഡാൻസറാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനെ സമീപിച്ചത്. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ബലാൽസംഗം ചെയ്തു. ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിലുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയിൽ അന്ദേരി വെസ്റ്റിൽ ഫഌറ്റ് വാടകയ്‌ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായിൽ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. 2015 ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ലെന്നും പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, യുവതിയുടെ പീഡന പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തി. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് ബിനോയ് പറഞ്ഞു. യുവതിയെ നേരിട്ട് അറിയാം. എന്തുകൊണ്ട് പരാതി നൽകിയെന്ന് അറിയില്ല. ശക്തമായ നിയമനടപടി സ്വീകരിക്കും. യുവതിയുടേത് ബ്ലാക്ക്‌മെയിലിംഗ് ആണെന്നും ബിനോയ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here