Advertisement

കാസർഗോഡ് ഈസ്റ്റ് എളേരിയിൽ ഡിഫ്തീരിയ? ആരോഗ്യവകുപ്പ് പ്രതിരേധ പ്രവർത്തനങ്ങൾ ആരംഭിച്ചു

June 19, 2019
Google News 0 minutes Read

കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഡിഫ്തീരിയ ഉള്ളതായി സംശയം. ആരോഗ്യവകുപ്പ് മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗ ലക്ഷണങ്ങളുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി,

ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവർഗ കോളനിയിലെ യുവാവ് പനിയുടെ ചികിത്സക്കായാണ് പരിയാരം മെഡിക്കൽ കോളേജിലെത്തിയത്. യുവാവിന് ഡിഫ്തീരിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുൻപ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തന്നെ മറ്റൊരു യുവാവ് മരിച്ചിരുന്നു. മരണകാരണം ഡിഫ്തീരിയ ആണോ എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

ചികിത്സയിലള്ള യുവാവിന്റെ കൂടെ ജോലി ചെയ്തിരുന്നയാളും സമാനമായ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ കൂടുതൽ പേർ ചികിത്സ തേടിയെത്തിയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ചികിത്സയിലുള്ളവരുടെ തൊണ്ടയിലെ സ്രവം ലാബ് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ കുത്തിവെപ്പടക്കമുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. കണ്ണൂർ, കാസർഗോഡ് അതിർത്തി പ്രദേശമായതിനാൽ കണ്ണൂർ ജില്ലയിലും ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here