‘ആദ്യത്തെ കഷ്ണം മുഖ്യമന്ത്രിക്ക്’; ശാന്തിവനത്തിൽ വീണ്ടും മരം മുറിച്ചതിനെ തുടർന്ന് മുടി മുറിച്ച് ഉടമയുടെ പ്രതിഷേധം

ശാന്തിവനത്തിൽ വീണ്ടും മരം മുറിച്ചതിനെ തുടർന്ന് മുടി മുറിച്ച് ഉടമ മീന മേനോന്റെ പ്രതിഷേധം. സർക്കാരിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും നോക്കി നിൽക്കെ മീന നടത്തിയത്. നിരവധി തവണ സമീപിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിക്കിരിക്കട്ടെ ആദ്യ കഷ്ണം എന്നു പറഞ്ഞാണ് മീന തന്റെ മുടി മുറിച്ച് രോഷം പ്രകടിപ്പിച്ചത്.

ജനാധിപത്യം നോക്കി നിൽക്കുമ്പോൾ തനിക്ക് പ്രതിഷേധിക്കാൻ മാത്രമാണ് സാധിക്കുന്നതെന്ന് മീന പറഞ്ഞു. ഇത് ഓരോ സാധാരണക്കാരന്റേയും പരാജയമാണ്. മരം മുറിക്കുന്നത് നോക്കി നിന്ന് ഇളിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ അവരുടെ മക്കളോടും മക്കളുടെ മക്കളോടും മറുപടി പറയേണ്ടി വരുമെന്ന് മീന പറഞ്ഞു. തങ്ങൾക്ക് വേണ്ടി നിങ്ങൾ എന്ത് ബാക്കിവെച്ചു എന്ന മക്കളുടെ ചോദ്യത്തിന് നിങ്ങൾ തീർച്ചയായും മറുപടി പറയേണ്ടി വരുമെന്നും മീന പറയുന്നു.

വരും തലമുറയുടെ മുന്നിൽ തല കുനിക്കേണ്ടി വരില്ല എന്ന സമാധാനം തനിക്കുണ്ട്. തനിക്ക് പറ്റാവുന്നിടത്തോളം താൻ ചെയ്തു. എത്രത്തോളം വലിയ അന്യായമാണ് നടന്നതെന്ന് നിങ്ങൾക്ക് ഇവിടെ വന്നാൽ കാണാം. നിയമപരമായി ഒരു മനുഷ്യന് എത്രത്തോളം മുന്നോട്ടുപോകാമോ അത് താൻ ചെയ്തു. അതിന് എത്രത്തോളം വിലയുണ്ടായിരുന്നുവെന്ന് നിങ്ങളെല്ലാം കണ്ടതാണ്. തനിക്ക് മുടി മുറിച്ച് പ്രതിഷേധിക്കാൻ മാത്രമേ സാധിക്കൂ. തന്റെ മുടി മുറിക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥരുടേയോ പൊലീസിന്റേയോ അനുവാദം വേണ്ട. മുഖ്യമന്ത്രിയുടെ മറുപടിക്ക് വേണ്ടിയാണ് ഇത്രയും കാലം കാത്തുനിന്നത്. എന്നാൽ ഒരു നടപടിയും മുഖ്യമന്ത്രി സ്വീകരിച്ചില്ല. ഒരുപാട് മുദ്രാവാക്യം വിളിച്ച പാർട്ടിയാണ്. സഖാവിന് വേണ്ടി നിലകൊണ്ടതാണ്. ആ സഖാവിന് തന്നെയിരിക്കട്ടെ ആദ്യത്തെ കഷ്ണമെന്ന് മീന പറയുന്നു. രണ്ടാമത് മുറിച്ച മുടി കഷ്ണം വൈദ്യുതി മന്ത്രി എം എം മണിക്കാണെന്നും മീന പറഞ്ഞു. ഒടുവിൽ മുറിച്ചത് നോക്കുകുത്തികളായ കെഎസ്ഇബി ഉദ്യോഗസ്ഥനും ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്കുമാണെന്നും മീന പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top