പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്; പകരക്കാരനായി ഋഷഭ് പന്ത് കളിക്കും

പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. പരമാവധി മൂന്ന് മത്സരങ്ങള്‍ മാത്രമെ നഷ്ടമാകൂ എന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ഒരുമാസത്തിലധികം സമയം വേണമെന്ന വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. ധവാന്റെ വിരലിന് പൊട്ടലുണ്ടെന്ന് സ്‌കാനിംഗില്‍ വ്യക്തമായിരുന്നു. ഇതോടെ ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം ടീം മാനേജ്മെന്റ് തീരുമാനം എടുക്കുകയായിരുന്നു.

ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്ത് ഇന്ത്യന്‍ ടീമിലേക്കെത്തും. ധവാന്റെ പരുക്ക് പരിഗണിച്ച് പന്തിനെ ബിസിസിഐ നേരത്തെ തന്നെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ചിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റിക്കാര്‍ഡുള്ള ധവാനു പുറത്തായത് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്.

ഐസിസി ടൂര്‍ണ്ണമെന്റില്‍ 20 മത്സരങ്ങളില്‍ നിന്ന് 1238 റണ്‍സാണ് ധവാന്‍ നേടിയത്. 6 സെഞ്ചുറിയുകളും 4 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. ധവാനു പരിക്കേറ്റതോടെ ഓപ്പണറായി ഇറങ്ങിയ കെഎല്‍ രാഹുല്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ചുറി നേടിയിരുന്നു. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് നാലാം നമ്പറില്‍ ഇറങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top