‘ഓഡിറ്റോറിയം നിർമ്മിച്ചത് മുഴുവൻ സമ്പാദ്യവും ഉപയോഗിച്ച്; ഭർത്താവ് മരിച്ചത് മനംനൊന്ത്’ : സാജന്റെ ഭാര്യ ബീന

ആന്തൂരിലെ ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് ഭാര്യ ബീന.
ഓഡിറ്റോറിയത്തിന് അനുമതി കിട്ടില്ലന്ന് സാജന് ഉറപ്പായെന്നും ഇതിന് ശേഷം കുറച്ച് ദിവസമായി പൂർണമായി അസ്വസ്ഥനായിരുന്നുവെന്നും ബീന പറഞ്ഞു. തങ്ങളുടെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചാണ് ഒഡിറ്റോറിയം നിർമ്മിച്ചതെന്നും ബീന പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകുമെന്നും ബീന അറിയിച്ചു.
ഇന്നലെയാണ് കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യുന്നത്.
20 വർഷത്തോളമായി നൈജീരിയയിൽ ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി സാജൻ പാറയിലിനെ കൊറ്റാളി അരേമ്പത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാജൻ പതിനഞ്ച് കോടി രൂപ ചെലവഴിച്ച് ആന്തൂരിൽ നിർമ്മിച്ച പാർത്ഥ കൺവെൻഷൻ സെന്റർ എന്ന ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി ലഭിക്കാൻ നഗരസഭയെ സമീപിച്ചിരുന്നു.
ടൗൺ പ്ലാനിഗ് ഓഫീസറും കെട്ടിടത്തിന് അനുമതി നൽകിയിരുന്നു. പ്രവർത്തനാനുമതിക്കായി പലതവണ നഗരസഭാ ചെയർപേഴ്‌സണെ സമീപിച്ചിട്ടും അനുമതി നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ അനുമതി നിഷേധിച്ചിട്ടില്ലെന്നും നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും നഗരസഭ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here