അവാർഡ് പ്രഖ്യാപിച്ചാൽ കൊടുക്കാനുളള അധികാരം ലളിതകലാ അക്കാദമിക്കുണ്ടെന്ന് കാനം

കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലനെ തള്ളി വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കാർട്ടൂൺ അവാർഡ് പ്രഖ്യാപിച്ചാൽ അത് കൊടുക്കാനുള്ള അധികാരം ലളിതകലാ അക്കാദമിക്കുണ്ടെന്നും അക്കാദമി തീരുമാനമാണ് ശരിയെന്നും കാനം വ്യക്തമാക്കി. ലളിതകലാ അക്കാദമി ഒരു സ്വതന്ത്ര ബോഡിയാണ്. ഇതൊരു സർക്കാർ വകുപ്പല്ല. അക്കാദമി എടുത്ത തീരുമാനമാണ് ശരി. മന്ത്രിക്ക് അക്കാദമിയുടെ കാര്യങ്ങളെപ്പറ്റി പറയാനുള്ള അധികാരമില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ബിനോയ് കോടിയേരി വിഷയം വ്യക്തിപരമാണ്. അതിൽ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിക്കാനില്ലെന്നും കാനം പറഞ്ഞു.
മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് കാർട്ടൂണെന്നും കാർട്ടൂണിന് അവാർഡ് നൽകിയ നടപടി പുന:പരിശോധിക്കാൻ ലളിതകലാ അക്കാദമിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടെ നിലപാട് തള്ളി ലളിതകലാ അക്കാദമി ഭാരവാഹികൾ രംഗത്തെത്തുകയും ചെയ്തു. കാർട്ടൂണിൽ മതത്തെ അവഹേളിക്കുന്നതൊന്നും ഇല്ലെന്നും അവാർഡ് പിൻവലിക്കില്ലെന്നുമായിരുന്നു അക്കാദമി ഭാരവാഹികളുടെ നിലപാട്. അക്കാദമിയിൽ സർക്കാരിന് അധികാരമുണ്ടെന്നും തുടർനടപടികൾ സർക്കാർ ആലോചിക്കുമെന്നുമായിരുന്നു അക്കാദമി നിലപാടിനോടുള്ള മന്ത്രി എ.കെ ബാലന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here