ആത്മഹത്യ ചെയ്ത സുഗതന്റെ വർക്ക് ഷോപ്പിന് പഞ്ചായത്ത് ലൈസൻസ് നൽകും; 24 ഇംപാക്ട്

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വർക്ക് ഷോപ്പിന് പഞ്ചായത്ത് ലൈസൻസ് നൽകും. ഇന്ന് ചേർന്ന വിളക്കുടി പഞ്ചായത്ത് ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. 24 വാർത്തയെത്തുടർന്നാണ് പഞ്ചായത്ത് നടപടി. കൊല്ലം ഇളമ്പലിലെ വർക്ക് ഷോപ്പിന് മുന്നിൽ പ്രാദേശിക രാഷട്രീയ നേതൃത്വം കൊടിനാട്ടിയതിനെത്തുടർന്ന് 2018 ഫെബ്രുവരി 23നാണ് സുഗതൻ ആത്മഹത്യ ചെയ്തത്.

സുഗതന്റെ മരണം സംഭവിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വർക് ഷോപ്പിന് ലൈസൻസ് നൽകാൻ പഞ്ചായത്ത് തയ്യാറായില്ലെന്ന വാർത്ത 24 പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര പഞ്ചായത്ത് കമ്മറ്റി ചേർന്നത്. വിഷയം ഗൗരവമാണെന്ന് വിലയിരുത്തിയ കമ്മറ്റി ലൈസൻസ് എത്രയും വേഗം അനുവദിച്ച് നൽകാൻ തീരുമാനമെടുത്തു. ഇതിനായി പ്രസിഡൻറും സെക്രട്ടറിയുമുൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തി.

ചെറിയ ഷെഡിന് വലിയ തുക കരം ഈടാക്കിയ കാര്യവും പഞ്ചായത്ത് പുന:പരിശോധിക്കും. സുഗതന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി തന്നെ നൽകിയ വാക്കാണ് ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറിക്കപ്പെട്ടിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top