ത്രില്ലറുകളുടെ ത്രില്ലർ; ശ്രീലങ്കയ്ക്ക് ആവേശ ജയം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് ആവേശ ജയം. 20 റൺസിനാണ് ലങ്ക ആതിഥേയരെ പരാജയപ്പെടുത്തിയത്. 82 റൺസെടുത്ത് പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സ് പൊരുതിയെങ്കിലും 212 റൺസിന് ഇംഗ്ലണ്ട് എല്ലാവരും പുറത്താവുകയായിരുന്നു. ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. 4 വിക്കറ്റെടുത്ത ലസിത് മലിംഗയും മൂന്ന് വിക്കറ്റിട്ട ധനഞ്ജയ ഡിസിൽവയുമാണ് ലങ്കയ്ക്കു വേണ്ടി തിളങ്ങിയത്. മലിംഗയാണ് മാൻ ഓഫ് ദി മാച്ച്.

ശ്രീലങ്കയെപ്പോലെയാണ് ഇംഗ്ലണ്ടും തുടങ്ങിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ അവർക്ക് ജോണി ബാരിസ്റ്റോയെ നഷ്ടമായി. റണ്ണൊന്നുമെടുക്കാത്ത ബാരിസ്റ്റോയെ മലിംഗ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. 7ആം 14 റൺസെടുത്ത ജോ വിൻസിനെ കുശാൽ മെൻഡിസിൻ്റെ കൈകളിലെത്തിച്ച് ഓവറിൽ മലിംഗ തന്നെ വീണ്ടും ഇംഗ്ലണ്ടിനു പ്രഹരമേല്പിച്ചു. 26 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിൻ്റെ രണ്ട് ഓപ്പണർമാരും കൂടാരം കയറി.

പിന്നീട് ഓയിൻ മോർഗനും ജോ റൂട്ടും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. എന്നാൽ 47 റൺസ് നീണ്ട കൂട്ടുകെട്ട് 19ആം ഓവറിൽ ഇസിരു ഉദാന പൊളിച്ചു. 21 റൺസെടുത്ത മോർഗനെ സ്വന്തം ബൗളിംഗിൽ ഉദാന ജ്ജ്വലമായി പിടികൂടുകയായിരുന്നു. പിന്നീട് ജോ റൂട്ടും ബെൻ സ്റ്റോക്സും ക്രീസിൽ ഒത്തു ചേർന്നു. ബുദ്ധിപരമായി ബാറ്റ് ചെയ്ത ഇരുവരും ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽ നിന്നും മെല്ലെ കരകയറ്റി.

54 റൺസ് നീണ്ട നാലാം വിക്കറ്റ് കൂട്ടുകെട്ട് 31ആം ഓവറിൽ മലിംഗ തന്നെ പൊളിച്ചു. 57 റൺസെടുത്ത റൂട്ടിനെ കുശാൽ പെരേരയുടെ കൈകളിലെത്തിച്ച മലിംഗ മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. തൊട്ടു പിന്നാലെ ജോസ് ബട്‌ലറെയും പുറത്താക്കിയ മലിംഗ ഇംഗ്ലണ്ടിനെ വീണ്ടും പ്രതിസന്ധിയിലാക്കി. 10 റൺസെടുത്ത ബട്‌ലർ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.

39ആം ഓവറിൽ മൊയീൻ അലിയും പുറത്തായതോടെ ഇംഗ്ലണ്ട് വിറച്ചു. 16 റൺസെടുത്ത മൊയീൻ അലി ധനഞ്ജയ ഡിസിൽവയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ ഉദാനയുടെ കൈകളിൽ അവസാനിച്ചു. തൊട്ടു പിന്നാലെ ക്രിസ് വോക്സ് (2), ആദിൽ റഷീദ് (1) എന്നിവരെ 41ആം ഓവറിൽ പുറത്താക്കിയ ഡിസിൽവ ഇംഗ്ലണ്ടിനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു. രണ്ടു പേരെയും വിക്കറ്റ് കീപ്പർ കുശാൽ പെരേര കയ്യിലൊതുക്കുകയായിരുന്നു.

ഇസിരു ഉദാന എറിഞ്ഞ 44ആം ഓവറിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ജോഫ്ര ആർച്ചർ (3) തിസാര പെരേരയുടെ കൈകളിൽ അവസാനിച്ചതോടെ മത്സരം ആവേശകരമായി. മലിംഗ എറിഞ്ഞ 45ആം ഓവറിലെ അഞ്ചാം പന്തിൽ ബെൻ സ്റ്റോക്സിനെ നിലത്തിട്ട ജീവൻ ഇംഗ്ലണ്ടിന് ആയുസ് നീട്ടി നൽകി.

ഇസിരു ഉദാന എറിഞ്ഞ 46ആം ഓവറിൽ സ്റ്റോക്സിൻ്റെ രണ്ട് കൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 15 റൺസെടുത്ത ഇംഗ്ലണ്ട് മത്സരം വീണ്ടും ആവേശകരമാക്കി. നുവാൻ പ്രദീപ് എറിഞ്ഞ 47ആം ഓവറിലും മികച്ച ഷോട്ടുകളുതിർത്ത സ്റ്റോക്സിൻ്റെ മികവിൽ ആദ്യ അഞ്ചു പന്തുകളിൽ നിന്ന് ഇംഗ്ലണ്ട് നേടിയത് 9 റൺസ്. എന്നാൽ അവസാന പന്തിൽ മാർക്ക് വുഡിനെ വിക്കറ്റ് കീപ്പർ കുശാൽ പെരേരയുടെ കൈകളിലെത്തിച്ച നുവാൻ പ്രദീപ് ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം സമ്മാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top