ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പന തൊഴിലാളിയ്ക്ക്‌ സംരംഭമാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി പരാതി

ഭിന്ന ശേഷിക്കാരനായ ലോട്ടറി വില്‍പ്പന തൊഴിലാളിക്കും അവശതയനുഭവിക്കുന്ന കുടുബത്തിനും സംരംഭമാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി പരാതി. അടിസ്ഥാന സൗകര്യമൊരുക്കാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറായിട്ടും സര്‍ക്കാര്‍ ഓഫീസുകളുടെ ഓരത്ത് 50 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം പോലും അനുവദിച്ചു നല്‍കിയില്ല.

തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വെയിലത്തും മഴയത്തും ഇങ്ങനെ ഇരുന്നു ലോട്ടറി വില്‍ക്കുന്ന അന്ധനായ ഒരാളെ കാണാം. കയ്യില്‍ സെറിബ്രല്‍ പള്‍സി ബാധിച്ച 11 വയസ്സുകാരിയേയും. സഹതാപം പിടിച്ചു പറ്റാനല്ല കാട്ടൂര്‍ സ്വദേശി ശ്രീനിവാസനും ഭാര്യയുംഇവിടെ കഴിയുന്നത്, മറിച്ച് രോഗബാധിതയായ മകളെ വീട്ടില്‍ തനിച്ചാക്കി വരാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണ്.

നാളുകളായുള്ള ആവശ്യം എവിടെയെങ്കിലും ഇരുന്നു ജോലി ചെയ്ത് ജീവിക്കണം എന്നതാണ്. ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകുന്നത് ലോട്ടറി വില്പനയിലൂടെയും. നേരത്തെ പല സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയ ശേഷം താലൂക്ക് ഓഫിസിലെ ഒഴിഞ്ഞയിടത്ത് ഒരു കോഫീ ബൂത്ത് സ്ഥാപിക്കാന്‍ സ്ഥലമനുവദിച്ച് കളക്ടര്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും തഹസില്‍ദാര്‍ സ്ഥലമില്ലെന്നു കാണിച്ചു ഓര്‍ഡര്‍ മടക്കി. 50 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം അനുവദിച്ചു കിട്ടാന്‍ ഈ കുടുംബം ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.

പഠിക്കുന്ന രണ്ട് കുട്ടികളും അസുഖബാധിതയായ മകളും അടങ്ങുന്ന കുടുംബത്തിന് കോഫീ ബൂത്തും ഒപ്പം ലോട്ടറി കച്ചവടവും നടത്താനുതകുന്ന സൗകര്യം ഒരുക്കി നല്‍കാന്‍ മണ്ണുത്തി ലയണ്‍സ് ക്ലബ് ഒരുക്കമാണ്. വില്പനയില്‍ 10000 രൂപ മാസം കണ്ടെത്താനായില്ലെങ്കില്‍ അതും നല്‍കാമെന്നും ഏറ്റിട്ടുണ്ട്. അംഗപരിമിതര്‍ക്ക് 3 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ഉള്ളയിടത്ത് പക്ഷെ സംവിധാനങ്ങള്‍ ഈ കുടുംബത്തെ മഴയത്ത് നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top