Advertisement

സംസ്ഥാന സർക്കാരിന്റെ മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം ട്വന്റിഫോർ ന്യൂസ് എഡിറ്റർ അനുജക്ക്

June 21, 2019
Google News 1 minute Read

സംസ്ഥാന സർക്കാരിന്റെ മികച്ച വാർത്താ അവതാരകയ്ക്കുള്ള പുരസ്‌കാരം ട്വന്റിഫോർ ന്യൂസ് എഡിറ്റർ അനുജക്ക്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. റിപ്പോർട്ടർ ചാനലിൽ വാർത്താ അവതാരകയായിരുന്ന സമയത്തെ അവതരണമാണ് ജൂറി വിലയിരുത്തിയത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം വിതരണം ചെയ്യും.

2017 ലെ മാധ്യമ അവാർഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. പത്രമാധ്യമങ്ങളിലെ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി, കാർട്ടൂൺ വിഭാഗങ്ങളിലും ടിവി റിപ്പോർട്ടിംഗ്, ന്യൂസ് റീഡർ, ന്യൂസ് ക്യാമറ, ടിവി ന്യൂസ് എഡിറ്റിംഗ്, ടിവി അഭിമുഖം എന്നീ വിഭാഗങ്ങളിലുമാണ് അവാർഡ്. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

പത്രമാധ്യമത്തിലെ ജനറൽ റിപ്പോർട്ടിംഗിന് മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ എം. ഫിറോസ് ഖാനാണ് അവാർഡ്. മൃതദേഹങ്ങൾ സാക്ഷി എന്ന പേരിൽ പ്രവാസ ജീവിതത്തെക്കുറിച്ചെഴുതിയ റിപ്പോർട്ടിനാണ് പുരസ്‌കാരം. വികസനോൻമുഖ റിപ്പോർട്ടിംഗിൽ മംഗളം സീനിയർ റിപ്പോർട്ടർ കെ സുജിത്ത് അവാർഡിന് അർഹനായി. ഊതിക്കത്തിക്കരുത് ആ”ചാരം” എന്ന റിപ്പോർട്ടിനാണ് അവാർഡ്.

മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ സിദ്ദിഖുൽ അക്ബറിനാണ്് ഫോട്ടോഗ്രഫി അവാർഡ്. പുതിയ ആകാശം പുതിയ ഭൂമി എന്ന പേരിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. മാതൃഭൂമി കാർട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണനാണ് മികച്ച കാർട്ടൂണിനുള്ള അവാർഡ്. രണ്ടു കാലഘട്ടത്തെ വളരെ കുറച്ചു വരകളിലൂടെ അവതരിപ്പിച്ചിനാണ് അവാർഡ്.

ഫാത്തിമ എന്ന കുട്ടിയുടെ ജീവിതത്തെ വിവിധ കാലഘട്ടങ്ങളിൽ പിന്തുടർന്ന് ചെയ്ത വാർത്തയ്ക്ക് മനോരമ ന്യൂസിലെ റിപ്പോർട്ടർ എം ദിനുപ്രകാശിനാണ് ടിവി റിപ്പോർട്ടിംഗിനുള്ള അവാർഡ്. മീഡിയ വൺ റിപ്പോർട്ടർ റഹീസ് റഷീദിന് ടിവി റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. നമ്പി നാരായണൻ, അലൻസിയർ എന്നിവരുമായുള്ള അഭിമുഖത്തിന് എസിവി സീനിയർ ന്യൂസ് എഡിറ്റർ ബി അഭിജിത്തിനാണ് ടിവി അഭിമുഖത്തിനുള്ള അവാർഡ്. പോയിന്റ് ബ്ലാങ്കിൽ വിനായകനുമായുള്ള അഭിമുഖത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജിമ്മി ജയിംസിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ജിബിൻ ബേബിക്കാണ് ടിവി ക്യാമറയ്ക്കുള്ള അവാർഡ്. കുഞ്ഞിക്കിളി കണ്ണു തുറക്കുന്ന നിമിഷം എന്ന വിഷ്വലിനാണ് അവാർഡ് ലഭിച്ചത്. മീഡിയ വൺ ക്യാമറാമാൻ ജയ്‌സൽ ബാബു ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. വിഴിഞ്ഞം തുറമുഖം അതിജീവനം എന്ന റിപ്പോർട്ടിനൊപ്പമുള്ള വിഷ്വലിനാണ് അവാർഡ്.

കുട്ടിയാനയെ രക്ഷപെടുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ എഡിറ്റിംഗിന് മാതൃഭൂമി ന്യൂസ് സീനിയർ വിഷ്വൽ എഡിറ്റർ ബൈജു നിഴൂരിനാണ് അവാർഡ്. മനോരമ ന്യൂസ് വീഡിയോ എഡിറ്റർ ഡാൾട്ടൻ ജോസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. പ്രമുഖ മാധ്യമപ്രവർത്തകരായ തോമസ് ജേക്കബ്, സി. എസ്. വെങ്കിടേശ്വരൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവരടങ്ങിയ ജൂറിയാണ് പത്രമാധ്യമ അവാർഡുകൾ നിർണയിച്ചത്. നീലൻ, കെ. ബി. വേണു, രാജേശ്വരി മോഹൻ എന്നിവരടങ്ങുന്ന ജൂറിയാണ് ടിവി അവാർഡുകൾ നിശ്ചയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here