ബിനോയ് കോടിയേരിക്കെതിരായ കേസിൽ ഇടപെടില്ലെന്ന് സിപിഐഎം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ ഇടപെടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഷയത്തിൽ പാർട്ടിയോ കോടിയേരിയോ ഇടപെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെയെന്നും കേസിനെ ബിനോയ് വ്യക്തിപരമായി നേരിടട്ടെയെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കോടിയേരി ബാലകൃഷ്ണനാണ് വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിച്ചത്. ബിനോയ് കോടിയേരിക്കെതിരായ കേസ് വ്യക്തിപരമാണെന്നും പാർട്ടി സ്വാധീനം ഉപയോഗിച്ചോ, പിതാവ് എന്ന നിലയിലോ കേസിൽ മകന് യാതൊരു സഹായവും ചെയ്ത് കൊടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
Read Also; സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധതയറിയിച്ച് കോടിയേരി ബാലകൃഷ്ണൻ
മകനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുതിർന്ന നേതാക്കളെയും അറിയിച്ചിരുന്നു. എന്നാൽ നിലവിൽ കോടിയേരി സ്ഥാനമൊഴിയേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര,സംസ്ഥാന നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. അതേ സമയം ബിനോയ് കോടിയേരി വിഷയത്തിൽ രാഷ്ട്രീയമായുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനും സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here