Advertisement

റോസ് ബൗളിൽ സസ്പൻസ് ത്രില്ലർ; ആവേശപ്പോരിൽ ഇന്ത്യക്ക് ജയം

June 22, 2019
Google News 1 minute Read

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ആവേശ ജയം. 11 റൺസിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. 225 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അവസാന ഓവറിലെ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യയുടെ വിജയശില്പി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ, ചഹാൽ, പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. 52 റൺസെടുത്ത മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ ജയത്തിനരികെ എത്തിച്ചെങ്കിലും അവസാന ഓവറിൽ വീഴുകയായിരുന്നു.

ഇന്ത്യൻ ഓപ്പണിങ് ബൗളർമാർ അഫ്ഗാനിസ്ഥാനെ വിറപ്പിച്ചാണ് തുടങ്ങിയത്. ഷമിയുടെയും ബുംറയുടെയും പേസിനു മുന്നിൽ പലപ്പോഴും പകച്ച അഫ്ഗാനിസ്ഥാൻ ഓപ്പണർമാരെ പലപ്പോഴും ഭാഗ്യം സംരക്ഷിച്ചു നിർത്തി. എന്നാൽ ഏഴാം ഓവറിൽ ഭാഗ്യത്തിൻ്റെ കളി അവസാനിച്ചു. ക്രീസിൽ താളം കണ്ടെത്താൻ വിഷമിച്ച ഹസ്റതുല്ല സസായുടെ (10) കുറ്റി പിഴുത ഷമി ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റ് നേടി.

രണ്ടാം വിക്കറ്റിൽ ക്രീസിലൊത്തു ചേർന്ന റഹ്മത് ഷാ-ഗുൽബദിൻ നയ്ബ് സഖ്യം ശ്രദ്ധാപൂർവം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. മോശം പന്തുകൾ തിരഞ്ഞു പിടിച്ച് ശിക്ഷിച്ച ഇരുവരും 44 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 17ആം ഓവറിൽ ഹർദ്ദിക് പാണ്ഡ്യ ആ കൂട്ടുകെട്ട് തകർത്തു. ഹർദ്ദികിനെ പുൾ ചെയ്യാൻ ശ്രമിച്ച ക്യാപ്റ്റൻ ഗുൽബദിൻ നയ്ബ് വിജയ് ശങ്കറിനു പിടികൊടുത്ത് മടങ്ങി. പുറത്താവുമ്പോൾ 27 റൺസായിരുന്നു നയ്ബിൻ്റെ സമ്പാദ്യം.

തുടർന്ന് റഹ്മത് ഷായോടൊപ്പം ഹഷ്മതുല്ല ഷാഹിദി ഒത്തു ചേർന്നു. വളരെ സാവധാനം ബാറ്റ് ചെയ്ത ഇരുവരും ശ്രദ്ധയോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഇന്ത്യയുടെ രണ്ട് സ്പിന്നർമാരെയും ബുദ്ധിപരമായി നേരിട്ട ഇവർ മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. 27ആം ഓവറിൽ ബുംറയെ തിരികെ വിളിക്കാനുള്ള കോലിയുടെ നീക്കം ഫലം കാണുന്നതാണ് 29ആം ഓവറിൽ കണ്ടത്. ഓവറിലെ ആദ്യ പന്തിൽ തന്നെ ഒരു ലെഗ് ബിഫോർ അപ്പീലിൽ നിന്നും രക്ഷപ്പെട്ടെങ്കിലും നാലാം പന്തിൽ റഹ്മത് ഷാ പുറത്തായി. ബുംറയുടെ ബൗൺസർ പുൾ ചെയ്യാൻ ശ്രമിച്ച ഷായെ ചഹാൽ ഉജ്ജ്വലമായി കൈപ്പിടിയിലൊതുക്കി. 36 റൺസെടുത്താണ് ഷാ പുറത്തായത്. ഓവറിലെ അവസാന പന്തിൽ ഷാഹിദിയെയും പുറത്താക്കിയ ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 21 റൺസെടുത്ത ഷാഹിദിയെ ബുംറ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു.

തുടർന്ന് അസ്ഗർ അഫ്ഗാനും മുഹമ്മദ് നബിയും ക്രീസിൽ ഒത്തു ചേർന്നു. നബിയുമായി 24 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അഫ്ഗാനും പുറത്തായി. യുസ്‌വേന്ദ്ര ചഹാലിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോൾ 8 റൺസായിരുന്നു മുൻ നായകൻ്റെ സമ്പാദ്യം. അഫ്ഗാൻ പുറത്തായതിനെത്തുടർന്ന് ക്രീസിലെത്തിയ നജിബുല്ല സദ്രാൻ ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ച വെച്ചത്. സദ്രാനൊപ്പം നബിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ കളി വീണ്ടും അഫ്ഗാനനുകൂലമായി. എന്നാൽ 42ആം ഓവറിൽ 36 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഹർദ്ദിക് പാണ്ഡ്യ പൊളിച്ചതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് മടങ്ങിയെത്തി. 21 റൺസെടുത്ത സദ്രാനെ പാണ്ഡ്യ ചഹാലിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നീടെത്തിയ റാഷിദ് ഖാനെ (14) ചഹാൽ പുറത്താക്കി. റാഷിദിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന മുഹമ്മദ് നബി ചില കൂറ്റൻ ഷോട്ടുകളിലൂടെ മത്സരം സാവധാനം അഫ്ഗാൻ്റെ വരുതിയിലാക്കി. 48ആം ഓവറിൽ ഒരു ലെഗ് ബിഫോർ വിക്കറ്റിൽ നിന്നും ഡിആർഎസ് ഉപയോഗിച്ച് രക്ഷപ്പെട്ട നബി ബുംറ എറിഞ്ഞ 49ആം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്ക് പരാജയപ്പെട്ടു. ആ ഓവറിൽ ബുംറ 5 റൺസ് മാത്രം വിട്ടു നൽകിയതോടെ അവസാന ഓവറിൽ അഫ്ഗാനിസ്ഥാൻ്റെ ലക്ഷ്യം 16 റൺസ്.

ഷമി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച നബി 52 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ചു. രണ്ടാം പന്ത് ഡീപ് മിഡ് വിക്കറ്റിലേക്കടിച്ച നബി സിംഗിൾ ഓടാൻ തയ്യാറായില്ല. മൂന്നാം പന്തിൽ ഷമിയുടെ തലയ്ക്കു മുകളിലൂടെ ഉയർത്തിയടിക്കാൻ ശ്രമിച്ച നബി ലോംഗ് ഓണിൽ ഹർദ്ദിക് പാണ്ഡ്യയുടെ കൈകളിൽ അവസാനിച്ചതോടെ ഇന്ത്യ ജയം മണത്തു.  തൊട്ടടുത്ത പന്തിൽ അഫ്തബ് അലമിനെ ക്ലീൻ ബൗൾഡാക്കിയ ഷമി ഇന്ത്യൻ ജയം ഉറപ്പിച്ചു. അടുത്ത പന്തിൽ മുജീബ് റഹ്മാൻ്റെയും കുറ്റി പിഴുത ഷമി ഹാട്രിക്ക് കുറിച്ചു. ഒപ്പം ഇന്ത്യക്ക് ആവേശ ജയവും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here