കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

കാശ്മീരില്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടെ സമാധാന ശ്രമങ്ങള്‍ക്ക് ശുഭ സൂചന നല്‍കുന്ന പരാമര്‍ശവുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. കാശ്മീര്‍ മേഘലയില്‍ സൈന്യത്തിനു നേരെ കല്ലേറു നടത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.
ഇന്ത്യ- പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ദൂരദര്‍ശന്‍ ഫ്രീ ടു എയര്‍ സെറ്റ് ടോപ് ബോക്‌സ് വിതരം ചെയ്യുന്ന പരിപാടിക്കിടെയായിരുന്നു കാശ്മീരിലെ മാറുന്ന സാഹചര്യങ്ങളെ കുറിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വ്യക്തമാക്കിയത്. യുവാക്കള്‍ മരണപ്പെടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും, കല്ലേറു നടത്തുന്ന യുവാക്കള്‍ക്കെതിരെ വെടിയുതിര്‍ക്കുന്നത് പ്രതിരോധത്തിന്റെ ഭാഗമായി മാത്രമാണെന്നായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. കാശ്മീരില്‍ പൊലീസിനും സൈന്യത്തിനും നേരെയുണ്ടാകുന്ന ക്ലല്ലേറില്‍ ഗണ്യമായ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംസ്ഥാനത്ത് മയക്ക് മരുന്ന് ഉപയോഗം വര്‍ധിച്ചതില്‍ ആശങ്ക അറിയിച്ച വിഘടനവാദി നേതാവ് മിര്‍വാസ് ഉമര്‍ ഫാറുക്കിന്റെ പരാമര്‍ശം ജാഗ്രതയോടെയാണ് കാണുന്നതെന്ന ഗവര്‍ണറുടെ പ്രസ്ഥാവനയും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിമാരും പൊലീസിന്റെയും സൈന്യത്തിന്റെയും തലവന്മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കാശ്മീരില്‍ സമാധാനം പുലരുന്നതിന്റെ സൂചന നല്‍കി ഗവര്‍ണര്‍ രംഗത്തെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here