പണം നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനം

കായംകുളം പുല്ലുകുളങ്ങരയില്‍ പ്ലസ് ടു വിദ്യാര്‍ഥിക്കു ക്രൂരമര്‍ദ്ദനം. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ പേരിലാണ് മര്‍ദ്ദനം. പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് അഭിജിത്ത്, അനന്ദു എന്നിവരുടൈ നേതൃത്വത്തിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. അതേ സമയം വിദ്യാര്‍ത്ഥിയെ അക്രമിക്കുന്ന സിസിടിവി ദൃശ്യമടക്കം കായംകുളം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥിയെ സംഘം മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയെ പണത്തിനായി ഇവര്‍ നിരന്തരം ഭീഷണിപെടുത്തിയിരുന്നതായും ഒരുവട്ടം പണം നല്‍കിയരുന്നതായം കുട്ടിയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ച്ചയും പണം ആവശ്യപെട്ടപ്പോള്‍ നല്‍കാഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമായതെന്നും ഇവര്‍ പറയുന്നു.

പ്രതികളിലൊരാള്‍ പണം ആവശ്യപ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് വാട്‌സാപ് മെസേജ് അയച്ചതിന്റേയും, ഭീഷണിസന്ദേശങ്ങള്‍ അയച്ചതിന്റേയും തെളിവുകളും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥിയെ അക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം നല്‍കി പൊലീസില്‍ ചൊവ്വാഴ്ച്ചതന്നെ പരാതിപ്പെട്ടിട്ടും നടപടി എടുതില്ലെന്ന ആരോപണവുമുണ്ട്.

പ്രതികളായ വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകാരായതിനാലാണ് ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് തയാറാകാതിരുന്നത് എന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോഴും കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുള്ളതായി കായംകുളം പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top