ക്ലാസിക് സെഞ്ചുറിയുമായി വില്ല്യംസൺ; വെസ്റ്റ് ഇൻഡീസിന് 292 റൺസ് വിജയലക്ഷ്യം

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 292 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷടത്തിൽ 291 റൺസാണ് ന്യൂസിലൻഡ് നേടിയത്. 148 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. വിൻഡീസിനു വേണ്ടി ഷെൽഡൺ കോട്രൽ നാലു വിക്കറ്റ് വീഴ്ത്തി.

ഞെട്ടലോടെയാണ് കിവികൾ ഇന്നിംഗ്സ് ആരംഭിച്ചത്. മത്സരത്തിൻ്റെ ആദ്യ ഓവറിൽ തന്നെ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ ഷെൽഡൻ കോട്രൽ വിൻഡീസിന് സ്വപ്ന സമാനമായ തുടക്കം നൽകി. ഇരുവരും നേരിട്ട ആദ്യ പന്തിൽ തന്നെയാണ് പുറത്തായത്. മാർട്ടിൻ ഗപ്ടിലിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ കോട്രൽ കോളിൻ മൺറോയെ ക്ലീൻ ബൗൾഡാക്കി.

തുടർന്ന് ക്രീസിലൊത്തു ചേർന്നത് ന്യൂസിലൻഡിൻ്റെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ. വിൻഡീസിനെ അനായാസം നേരിട്ട വില്ല്യംസൺ-ടെയ്‌ലർ സഖ്യം വേഗത്തിലാണ് സ്കോർ ചെയ്തത്. ബൗളർമാരെ മാറി മാറിപ്പരീക്ഷിച്ചിട്ടും വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡറിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. 75 പന്തുകളിൽ വില്ല്യംസണും 68 പന്തുകളിൽ ടെയ്‌ലറും അർദ്ധസെഞ്ചുറി കുറിച്ചു.

160 റൺസ് നീണ്ട ഈ കൂട്ടുകെട്ട് 35ആം ഓവറിലാണ് അവസാനിച്ചത്. 69 റൺസെടുത്ത ടെയ്‌ലറെ ക്രിസ് ഗെയിൽ ജേസൻ ഹോൾഡറുടെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ടോം ലതം വില്ല്യംസണ് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്തു. 42ആം ഓവറിൽ ടോം ലതമിനെ പുറത്താക്കിയ കോട്രൽ മത്സരത്തിലെ തൻ്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. 12 റൺസെടുത്ത ലതമിനെ സ്വന്തം ബൗളിംഗിൽ കോട്രൽ പിടിച്ചു പുറത്താക്കുകയായിരുന്നു.

മറുവശത്ത് അടിച്ചു തകർത്ത വില്ല്യംസൺ 47ആം ഓവറിലാണ് പുറത്തായത്. 148 റൺസെടുത്ത കിവീസ് ക്യാപ്റ്റനെ കോട്രൽ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് അവസാന ഓവറുകളിൽ ജിമ്മി നീഷവും കോളിൻ ഡി ഗ്രാൻഡ്‌ഹോമും ചേർന്ന് നടത്തിയ കൂറ്റനടികളാണ് ന്യൂസിലൻഡീനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 6 പന്തുകളിൽ 16 റൺസെടുത്ത ഗ്രാൻഡ്‌ഹോമിനെ കോട്രൽ റണ്ണൗട്ടാക്കിയപ്പോൾ മിച്ചൽ സാൻ്റ്നറിനെയും (10), ജിമ്മി നീഷമിനെയും (28) അവസാന ഓവറിൽ കാർലോസ് ബ്രാത്‌വെയ്റ്റ് പുറത്താക്കി. രണ്ടു പേരും കോട്രലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top