പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാർ തമ്മിൽ കയ്യാങ്കളി

തിരുവനന്തപുരത്ത് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പൊലീസുകാർ തമ്മിൽ കയ്യാങ്കളി. തിരച്ചറിയൽ കാർഡ് വിതരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചണ് ഇടത്, വലത് സംഘടനകൾ ഏറ്റുമുട്ടിയത്.

സഹകരണ സംഘം തെരഞ്ഞെടുപ്പ് 27-ാം തീയതി നടക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണം വൈകുന്നുവെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരിൽ 600 പേർക്ക് മാത്രമാണ് കാർഡ് ലഭിച്ചത്. വിതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോളും ഭൂരിഭാഗം പേർക്കും കാർഡ് നൽകാത്തത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണന്നും ആരോപിക്കുന്നു.  ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് എ ആർ ക്യാംപിൽവെച്ച് നേരിയ സംഘർഷമുണ്ടായത്.

മ്യൂസിയം സിഐയുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പിരിഞ്ഞു പോകണമെന്ന നിർദ്ദേശം അവഗണിച്ച് പിന്നീടും കോൺഗ്രസ് അനുകൂല പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തെ ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂലം വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയിരുന്നു. തിരുവനന്തപുരം പൊലീസ് കമ്മീഷണറെ രൂക്ഷമായി വിമർശിച്ച കോടതി ക്രമസമാധാനം ഉറപ്പാക്കൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിനെയെല്ലാം മറികടന്നാണ് ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസുകാർ പരസ്പരം ഏറ്റുമുട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top