Advertisement

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; വിനായകൻ കുറ്റം സമ്മതിച്ചതായി പൊലീസ്

June 22, 2019
Google News 2 minutes Read

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി പൊലീസ്. യുവതി ഹാജരാക്കിയ ഫോൺ സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയെന്ന് വിനായകൻ സമ്മതിച്ചു. യുവതിയോടല്ല, മറ്റൊരു പുരുഷനോടാണ് താൻ സംസാരിച്ചതെന്നും വിനായകൻ മൊഴി നൽകി. വിനായകൻ സംസാരിച്ചത് മദ്യലഹരിയിലാണെന്നും സ്വബോധത്തോടെയായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

യുവതി നൽകിയ ഫോൺ സംഭാഷണം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫോൺ സംഭാഷണത്തിലെ ശബ്ദം വിനായകന്റേതാണെന്ന് പൊലീസിന് വ്യക്തമാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിനായകനെ പൊലീസ് ചോദ്യം ചെയ്തത്. സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്ന് സമ്മതിച്ച വിനായകൻ താൻ ആദ്യം സംസാരിച്ചത് ഒരു പുരുഷനോടാണെന്നും പറഞ്ഞു. മൂന്ന് തവണ അയാൾ വിളിച്ചെന്നും പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി വിളിച്ചതെന്നും വിനായകൻ മൊഴി നൽകി. ഫോൺ രേഖയുമായി ബന്ധപ്പെട്ട സൈബർ സെൽ വിവരങ്ങൾ ലഭിക്കാൻ താമസമുണ്ടാകുമെന്നാണ് വിവരം. അതേസമയം, കുറ്റപത്രം വൈകാതെ കൽപ്പറ്റ സിജെഎം കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം കൽപ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. സ്‌റ്റേഷൻ ഉപാധികളോടെ നൽകിയ ജാമ്യത്തിൽ യുവതിയെ ഫോണിൽ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമർശവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കവേ വിനായകൻ മോശമായി പെരുമാറിയെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here