Advertisement

കൊല്ലം ഹോട്ടലിലെ ബഹളം; നടന്‍ വിനായകന്‍ എന്നും വിവാദനായകന്‍

8 hours ago
Google News 2 minutes Read
vinayakan

വിവാദങ്ങള്‍ വിനായകന് എന്നും കൂടപ്പിറപ്പാണ്. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും പൊലീസ് കസ്റ്റഡിയിലാകും. അതൊന്നും വിനായകന് വിനയാകാറുമില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളില്‍ അഭിയിച്ചിട്ടുണ്ട്. രജനീകാന്ത് നായകനായിരുന്ന ജയിലറില്‍ വില്ലനായതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാണ്. 2016ല്‍ കമ്മട്ടിപാടം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. തിരക്കുള്ള നടനായി മാറിയതിനൊപ്പം വിവാദങ്ങളുടെ സഹയാത്രികനുമായി വിനായകന്‍.

കൊല്ലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറി ബഹളം വച്ചതിനാണ് വിനായകനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസുകാരോട് തട്ടിക്കയറുകയും ചെയ്തതായി പരാതി ഉണ്ട്. പിന്നീട് വിനായകനെ ജാമ്യത്തില്‍ വിട്ടു.

2024 സെപ്റ്റംബര്‍ ഏഴിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ മദ്യപിച്ച് ബഹളംവച്ചതിന് ഹൈദരാബാദ് പൊലീസ് വിനായകനെ
കസ്റ്റഡിയിലെടുത്തിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നാരോപിച്ചായിരുന്നു വിനായകന്‍ ബഹളം.

മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായി സംസാരിച്ചത് വിവാദമായിരുന്നു. ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചതായുള്ള യുവതിയുടെ ‘മിടൂ’ ആരോപണം വിനായകനെതിരെ പരാതിയായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നീട് വിനായകന്‍ അഭിനയിച്ച ഒരുത്തീ എന്ന മലയാളം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ‘മീടു’ പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിവച്ചു.

കുടുംബവുമൊന്നിച്ച് താമസിക്കുന്ന സ്ഥലത്ത് പൊലീസ് എത്തിയെന്നാരോപിച്ച് ബഹളമുണ്ടാക്കിയതും പൊലീസ് സ്റ്റേഷനില്‍ വച്ച് ബഹളമുണ്ടാക്കിയതും വിവാദമായിരുന്നു. 2023ല്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും വിനായകനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്ളാറ്റില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണവും വിനായകനെതിരെ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിനായകന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

നടന്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായി നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി. താമസസ്ഥലത്ത് ആളുകളെ അസഭ്യം പറയുന്നതും മറ്റും നിത്യ സംഭവമായിമാറി. ഗോവയില്‍ ഒരു ഭക്ഷണശാലയ്ക്കുമുന്നില്‍ ബഹളം വെക്കുന്ന വിനായകന്റെ ചിത്രങ്ങള്‍ കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടന്‍ നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് സിനിമാ മേഖലയ്ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ലഹരി ഉപയോഗിച്ചാണ് വിനായകന്‍ പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ് ആരോപണമുന്നയിച്ചിരുന്നു. നഗ്നതാ പ്രദര്‍ശനത്തിന് പിന്നീട് വിനായകന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി.

പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യയ്ക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിനായകന്‍. സിനിമാ ഷൂട്ടിങിനായാണ് വിനായകന്‍ കൊല്ലത്ത് എത്തിയത്.

ഷൈന്‍ ടോം ചാക്കോ പൊലീസിനെ ഭയന്ന് കൊച്ചിയിലെ ഒരു ഹോട്ടലിന്റെ രണ്ടാംനിലയില്‍ നിന്നും ചാടി ഓടിപ്പോയ സംഭവത്തിന് ശേഷം മറ്റൊരു പ്രമുഖ സിനിമാ താരം പൊലീസിന്റെ കസ്റ്റഡിയിലാകുന്ന സംഭവമാണ് കൊല്ലത്ത് വിനായകന്‍ അറസ്റ്റിലാവുന്നത്.

മാന്ത്രികം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ വിനായകന്‍ എ കെ സാജന്‍ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതനാവുന്നത്. ക്രൂര കഥാപാത്രങ്ങളുടെ പെര്‍ഫെക്ഷനാണ് വിനായകന്‍ എന്ന നടനെ ശ്രദ്ധേയനാക്കിയത്. പലപ്പോഴും ജീവിതത്തിലും വിനായകന്‍ കഥാപാത്രമായി മാറുകയാണ്.

2012-ല്‍ അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലൊന്നില്‍ അഭിനയിച്ച് വിനായകന്‍ വളരെയധികം ശ്രദ്ധനേടി. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള നടനാണ് വിനായകന്‍.

Story Highlights : Controversies about Actor Vinayakan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here