ഷാങ്ഹായി ചലച്ചിത്രമേള; ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ‘വെയിൽമരങ്ങൾക്ക്’
ഡോ.ബിജു ചിത്രം വെയിൽമരങ്ങൾക്ക് ഷാങ്ഹായ് അന്തർദേശീയ ചലച്ചിത്രോത്സവ പുരസ്‌കാരം. ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരമാണ് നേടിയത്. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്‌ലറ്റ്’ പുരസ്‌ക്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്.
‘ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ്’ നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരങ്ങൾ മാറി. അന്താരാഷ്ട്ര മേളകളുടെ ആധികാരിക നേതൃത്വമായ ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്ഹായ്‌ലേത് .
ഇന്ത്യൻ സിനിമകൾ , പ്രത്യേകിച്ചു മലയാള സിനിമകൾ ഈ 15 മേളകളിൽ ഏതെങ്കിലുമൊന്നിൽ, പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് വളരെ അപൂർവമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഷാങ്ഹായി മേളയിലെ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യൻ സിനിമ ഇതിന് മുമ്പ് മത്സരിക്കുന്നത് 2012 ൽ ആണ്. ഡോ.ബിജുവിന്റെ തന്നെ ‘ആകാശത്തിന്റെ നിറം’ ആയിരുന്നു ആ ചിത്രം. അതിനു ശേഷം കഴിഞ്ഞ ആറ് വർഷങ്ങളിലും ഒരു ഇന്ത്യൻ സിനിമയ്ക്കു പോലും ഷാങ്ഹായ് മേളയിൽ പ്രധാന മത്സര വിഭാഗത്തിൽ ഇടം പിടിക്കാനായില്ല.
ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തെരഞ്ഞെടുത്തത്. പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്‌ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ.
മേളയിൽ സംവിധായകൻ ഡോ.ബിജു, നിർമാതാവ് ബേബി മാത്യു സോമതീരം, പ്രധാന നടൻ ഇന്ദ്രൻസ് , പ്രകാശ് ബാരെ എന്നിവർ പങ്കെടുത്തു. നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ദ്രൻസ് വെയിൽമരങ്ങളിലൂടെ ആ അംഗീകാരത്തിന് അർഹനായി എന്ന പ്രത്യേകതയും ഈ മേളക്കുണ്ട്.
സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമിച്ച വെയിൽമരങ്ങൾ ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ, ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ.
ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here