ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത് മുംബൈ പൊലീസ് മരവിപ്പിച്ചു

ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് മുംബൈ പൊലീസ് മരവിപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരും വരെ ലുക്കൗട്ട് നോട്ടീസ് മരവിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മുൻകൂർ ജാമ്യം തേടി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വിധി പറയും.
ബിനോയിക്കെതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്ന യുവതി ഇന്നലേയും ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് നൽകിയത്. യുവതി ഹാജരാക്കിയ സ്വന്തം പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരായി ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. 2014ൽ പുതുക്കിയ പാസ്‌പോർട്ടാണിത്. ഇത് കൂടാതെ യുവതിയുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും ഒന്നിച്ച് താമസിച്ചിരുന്നത് വ്യക്തമാക്കുന്ന തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്.
അതേസമയം ഒളിവിലുളള ബിനോയിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബിനോയ് കേരളം വിട്ടെന്ന നിഗമനത്തിലാണ് മുംബൈയിൽ നിന്നുളള അന്വേഷണസംഘം. ഈ സാഹചര്യത്തിൽ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here