അടിച്ചു തകർത്ത് പാക്കിസ്ഥാൻ; ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസാണ് പാക്കിസ്ഥാൻ നേടിയത്. 89 റൺസെടുത്ത ഹാരിസ് സൊഹൈലാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. 69 റൺസെടുത്ത ബാബർ അസമും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. പാക്കിസ്ഥാൻ്റെ രണ്ട് ഓപ്പണർമാരും 44 റൺസ് വീതമെടുത്ത് പുറത്തായി.  മൂന്നു വിക്കറ്റിട്ട ലുങ്കി എങ്കിടിയാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഇമ്രാൻ താഹിർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ സർഫറാസ് അഹ്മദിൻ്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു പാക്ക് ഓപ്പണർമാരുടെ തുടക്കം. ലുങ്കി എങ്കിടിയും കഗീസോ റബാഡയും ചേർന്ന ദക്ഷിണാഫ്രിക്കൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ആദ്യ വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു. 15ആം ഓവറിലാണ് ഈ സഖ്യം വേർപിരിഞ്ഞത്. 44 റൺസെടുത്ത ഫഖർ സമാനെ അംലയുടെ കൈകളിലെത്തിച്ച താഹിർ പ്രോട്ടീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

പിന്നാലെ ക്രീസിലെത്തിയ ബാബർ അസമും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 21ആം ഓവറിൽ ഇമാമുൽ ഹഖിനെ സ്വന്തം ബൗളിംഗിൽ ഉജ്ജ്വലമായി പിടികൂടിയ താഹിർ തൻ്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ഒപ്പം ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന റെക്കോർഡും താഹിർ സ്വന്തം പേരിൽ കുറിച്ചു. താഹിറിൻ്റെ അടുത്ത ഓവറിൽ ഹഫീസിനെ നിലത്തിട്ട ക്വിൻ്റൺ ഡികോക്ക് അദ്ദേഹത്തിന് ആയുസ് നീട്ടി നൽകി.

എന്നാൽ 30ആം ഓവറിലെ അവസാന പന്തിൽ ഹഫീസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ മാർക്രം ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 20 റൺസെടുത്താണ് ഹഫീസ് പുറത്തായത്. തൊട്ടു പിന്നാലെയാണ് ഷൊഐബ് മാലിക്കിനു പകരം ടീമിലെത്തിയ ഹാരിസ് സൊഹൈലിൻ്റെ വരവ്. തുടർച്ചയായി വൗണ്ടറികൾ കണ്ടെത്തിയ ഹാരിസ് ബാബർ അസമിനൊപ്പം ചേർന്നതോടെ പാക്കിസ്ഥാൻ സ്കോർ കുതിച്ചു.

61 പന്തുകളിൽ ബാബർ അസം തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചു. നാലാം വിക്കറ്റിൽ ഹാരിസിനൊപ്പം 81 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് അസം പുറത്തായത്. 42ആം ഓവറിൽ പെഹ്‌ലുക്ക്‌വായോയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ 69 റൺസായിരുന്നു അസമിൻ്റെ സമ്പാദ്യം. ലുങ്കി എങ്കിടി പിടിച്ചാണ് അസം പുറത്തായത്. അസം പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് ഹാരിസ് സൊഹൈൽ പാക്ക് സ്കോർ ഉയർത്തി. 38 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ഹാരിസ് ഇമാദുമായി അഞ്ചാം വിക്കറ്റിൽ 71 റൺസാണ് കൂട്ടിച്ചേർത്തത്. ലുങ്കി എങ്കിടി എറിഞ്ഞ 48ആം ഓവറിലെ അവസാന പന്തിൽ ഇമാദ് വാസിം പുറത്തായി. 23 റൺസെടുത്ത വാസിം ഡുമിനിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

അവസാന ഓവറിലെ ആദ്യ പന്തിൽ വഹാബ് റിയാസിനെയും (4) അഞ്ചാം പന്തിൽ ഹാരിസ് സൊഹൈലിനെയും (89) പുറത്താക്കിയ എങ്കിടി വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. വഹാബ് റിയാസിനെ ബൗൾഡാക്കിയ എങ്കിടി ഹാരിസിനെ ഡികോക്കിൻ്റെ കൈകളിലെത്തിച്ചു. 59 പന്തുകളിലാണ് ഹാരിസ് 89 റൺസ് എടുത്ത ഹാരിസാണ് പാക്കിസ്ഥാനെ 300 കടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top