ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രശംസ നേടി ശുബദ വരദ്കറിന്റെ അതിജീവന കഥ

ക്യാന്‍സറിനെ നൃത്തം കൊണ്ട് അതിജീവിച്ച നര്‍ത്തകി. ശുബദ വരദ്കറിന് ഇതിലും മികച്ച വിശേഷണമില്ല. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ പ്രേക്ഷക പ്രശംസ നേടിയ ഡോക്യുമെന്ററികളിലൊന്നായിരുന്നു ശുബദ വരദ്കറിന്റെ അതിജീവന കഥപറയുന്ന പീകോക്ക് പ്ലൂം. ശബ്നം സുഖ്ദേവ് ഒരുക്കിയ ഡോക്യുമെന്ററിയില്‍ ശുബദ വരദ്കറിന്റെ ഒഡീഷ നൃത്തത്തോടുള്ള അടങ്ങാത്ത പ്രണയവും പ്രമേയമാകുന്നു.

മയൂര്‍പങ്ക് അഥവാ മയില്‍ പീലി…ഒഡീസി നര്‍ത്തകി ശുബദ വരദ്കറിന്റെ ആത്മകഥയുടെ പേര്. ഈ ആത്മകഥയുടെ ദൃശ്യാവിഷ്‌കാരമാണ് പീകോക്ക് പ്ലൂം എന്ന പേരില്‍ ശബ്നം സുഖ്ദേവ് ഒരുക്കിയ ഡോക്യുമെന്ററി. അംഗലാവണ്യം കൊണ്ട് ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്ത രംഗത്ത് മാന്ത്രികത തീര്‍ത്ത ശുബദ വരദ്കറിന്റെ ജീവിതം ഹ്രസ്വചലച്ചിത്ര മേളയില്‍ വേറിട്ട അനുഭവമായി.

2006 ല്‍ ക്യാന്‍സര്‍ രോഗബാധിതയാതിനെത്തുടര്‍ന്ന് വരദ്കര്‍, പരാജയപ്പെട്ട ദാമ്പത്യത്തിനെതിരെ പോരാടിയതെങ്ങനെയെന്ന് പീകോക് പ്ലൂമിന്റെ ആദ്യ ഭാഗങ്ങള്‍ വരച്ചുകാട്ടുന്നു. പിന്നീടങ്ങോട്ട് അതിജീവന കഥയാണ്. സഹിക്കാന്‍ കഴിയാത്ത വേദനയിലും നൃത്തം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച തന്റെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി കാണാന്‍ ശുബദ വരദ്കര്‍ ഹ്രസ്വചലച്ചിത്ര മേളയുടെ വേദിയിലെത്തിയിരുന്നു.

മയിലിനെ പോലെ നൃത്തം ചെയ്താല്‍ വികാരങ്ങള്‍ മറക്കുമെന്നും താന്‍ ക്യാന്‍സറിനെ തോല്‍പ്പിച്ചത് അങ്ങനെയാണെന്നും ശുബദ വരദ്കര്‍.ശബ്നം സുഖ്ദേവിന്റെ ഡോക്യുമെന്ററി തന്റെ ജീവിതത്തോട് നീതി പുലര്‍ത്തിയെന്നും ശുബദ. 2017 ല്‍ ആറുമാസകാലയളവ് കൊണ്ടാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top