പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണ സംഘം പികെ ശ്യാമളയുടെ മൊഴിയെടുക്കും

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയെടുക്കും. ഇത് സംബന്ധിച്ച് അന്വേഷണ സംഘം  കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ ഐജി തല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കണ്ണൂര്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസില്‍ അന്വേഷണം തുടങ്ങിയത്. മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം ശ്യാമളയ്ക്ക് നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറുമായി സംഘം കൂടിക്കാഴ്ച നടത്തി. ആവശ്യമെങ്കില്‍ സാജന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ വളപട്ടണം പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു.

നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. നഗരസഭാധ്യക്ഷ പികെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നഗരസഭ അധ്യക്ഷയെ രക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പികെ ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണം. ഐജി തല അന്വേഷണം വേണമെന്നും ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ സാജന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന് ഇരുപത്തിനാല് മണിക്കൂറിനകം അന്തിമാനുമതി നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top