റൺ വരൾച്ച; അഫ്ഗാനിസ്ഥാൻ തോൽവിയിലേക്ക്

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ തോൽവിയിലേക്ക്. മുൻനിര ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കാണ് അഫ്ഗാനിസ്ഥാനു വിനയായത്. ഇതിനോടകം ആറു വിക്കറ്റുകൾ അഫ്ഗാനിസ്ഥാനു നഷ്ടമായിട്ടുണ്ട്. 4 വിക്കറ്റെടുത്ത ഷാക്കിബുൽ ഹസനാണ് അഫ്ഗാനിസ്ഥാനെ തകർത്തത്. ഓവറിൽ ഒൻപതു റൺസിനു മുകളിൽ സ്കോർ ചെയ്താൽ മാത്രമേ ഇനി അഫ്ഗാനിസ്ഥാന് വിജയിക്കാൻ സാധിക്കൂ.
263 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനും വ്യത്യസ്ത ഓപ്പണർമാരെ പരീക്ഷിച്ചു. ക്യാപ്റ്റൻ ഗുൽബദിൻ നയ്ബിനൊപ്പം റഹ്മത് ഷാ ആണ് അഫ്ഗാനു വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ പവർ പ്ലേ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഓപ്പണർമാർ 11ആം ഓവറിലാണ് വേർപിരിഞ്ഞത്. 49 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ട് ഷാക്കിബുൽ ഹസനാണ് തകർത്തത്. 24 റൺസെടുത്ത റഹ്മത് ഷാ തമീം ഇക്ബാലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ഹഷ്മതുല്ല ഷാഹിദി (11) വേഗം മടങ്ങി. മൊസദ്ദക് ഹുസൈൻ്റെ പന്തിൽ മുഷ്ഫിക്കർ റഹീം സ്റ്റമ്പ് ചെയ്താണ് ഷാഹിദി പുറത്തായത്. ശേഷം ഗുൽബദിൻ നയ്ബ് (47), മുഹമ്മദ് നബി (0) എന്നിവരെ ഒരു ഓവറിൽ പുറത്താക്കിയ ഷാക്കിബ് അഫ്ഗാനിസ്ഥാനെ വലിയ അപകടത്തിലേക്ക് തള്ളിയിട്ടു. നയ്ബിനെ ലിറ്റൻ ദാസിൻ്റെ കൈകളിലെത്തിച്ച ഷാക്കിബ് നബിയെ ക്ലീൻ ബൗൾഡാക്കി.
33ആം ഓവറിൽ അസ്ഗർ അഫ്ഗാനെ പുറത്താക്കിയ ഷാക്കിബ് വിക്കറ്റ് വേട്ട നാലാക്കി ഉയർത്തി. 20 റൺസെടുത്ത അഫ്ഗാനെ സബ്ബിർ റഹ്മാൻ പിടികൂടുകയായിരുന്നു. 36ആം ഓവറിൽ ഇക്രം അലി ഖില്ലിനെ (11) ലിറ്റൺ ദാസ് റണ്ണൗട്ടാക്കിയതോടെ അഫ്ഗാൻ തകർന്നു.
നിലവിൽ 38 ഓവർ അവസാനിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിലാണ്. 19 റൺസെടുത്ത സമിയുല്ല ഷൻവാരിയും 10 റൺസെടുത്ത നജിബുല്ല സദ്രാനുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here