ബിഹാര്‍ മുസാഫര്‍പുരിലെ മസ്തിഷ്‌ക ജ്വരം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ബിഹാര്‍ മുസാഫര്‍പുരിലെ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിഹാര്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
129 കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍, മരുന്നിന്റെ ക്ഷാമം ന്യായീകരണമില്ലാത്തതാണ്. കുട്ടികളുടെ മരണ നിരക്ക് ഉയരുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ച്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനായ മനോഹര്‍ പ്രതാപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ തന്നെ കുട്ടികളുടെ മരണനിരക്കിനെ കുറിച്ച് കോടതി ആശങ്ക രേഖപ്പെടുത്തി. അതീവ ഗൗരവമുള്ള വിഷയമാണെന്നും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു.
മതിയായ ചികില്‍സാ സൗകര്യം ഒരുക്കിയില്ല, പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിഹാര്‍ സര്‍ക്കാരും മറുപടി പറഞ്ഞേ മതിയാകൂവെന്ന് കോടതി പറഞ്ഞു. മറുപടി നല്‍കാന്‍ പത്തു ദിവസം സമയം ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഏഴു ദിവസത്തെ സമയം അനുവദിച്ചു. ഇരു സര്‍ക്കാരുകളും ഇതുവരെ സ്വീകരിച്ച നടപടികള്‍, അനുവദിച്ച നഷ്ടപരിഹാരം തുടങ്ങിയവ അടക്കം ഉള്‍പ്പെടുത്തിയായിരിക്കണം മറുപടിയെന്നും കോടതി നിര്‍ദേശിച്ചു.