ആന്തൂർ ആത്മഹത്യ വിഷയത്തിൽ നിയമസഭ സ്തംഭിച്ചു; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറിമാരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുമെന്നും ആര് തെറ്റ് ചെയ്താലും കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
സിപിഎംകാരായിപ്പോയി എന്ന് കരുതി അവരെ ക്രൂശിക്കാം എന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ആന്തൂർ നഗരസഭ അധ്യക്ഷയെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 24 മണിക്കൂറിനകം സാജന്റെ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകണമെന്നും ആവശ്യപ്പെട്ടു. സിപിഎമ്മിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലേക്കും സ്പീക്കറുടെ ഡയസിനു മുമ്പിലേക്കും എത്തിയതോടെ സഭ തൽക്കാലത്തേക്ക് നിർത്തിവെയ്ക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here