ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി.ജയരാജൻ

കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ. നഗരസഭയുടെ അധ്യക്ഷ എന്ന നിലയിൽ ഉദ്യോഗസ്ഥരെ തിരുത്താനോ വേണ്ട രീതിയിൽ ഇടപെടാനോ ശ്യാമളയ്ക്ക് കഴിഞ്ഞില്ലെന്ന് പി.ജയരാജൻ പറഞ്ഞു.  ആന്തൂർ വിഷയത്തിൽ സിപിഐഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി.ജയരാജൻ. പ്രവാസി വ്യവസായിയുടെ കെട്ടിടത്തിന്റെ അനുമതി സംബന്ധിച്ച വിഷയം കൈകാര്യം ചെയ്തതിൽ ആന്തൂർ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് നിഷേധ നിലപാട് സ്വീകരിച്ചത് നഗരസഭാ സെക്രട്ടറിയാണ്.

Read Also; ആന്തൂർ നഗരസഭ അധ്യക്ഷയെ സിപിഐഎം സംരക്ഷിക്കുന്നത് എന്തിനാണെന്ന് രമേശ് ചെന്നിത്തല

സെക്രട്ടറിയുടെ ക്രൂര സമീപനമാണ് എല്ലാത്തിനും കാരണം. സെക്രട്ടറിയും ഉദ്യോഗസ്ഥരും നിയമപരമായി കുറ്റക്കാരാണ്. അവർ നടപടി നേരിടണം. പാർട്ടിയിൽ വിഭാഗീയതയില്ലെന്നും പാർട്ടിയിലുള്ളവർക്ക് തെറ്റ് പറ്റിയാൽ തിരുത്തുമെന്നും പി.ജയരാജൻ പറഞ്ഞു. പി.കെ ശ്യാമള പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഇതിൽ എന്ത് നടപടി വേണമെന്ന് പാർട്ടി തീരുമാനിക്കും. ഇക്കാര്യത്തിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും പി.ജയരാജൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top