പണമെറിഞ്ഞ് എടികെ; റോയ് കൃഷ്ണയ്ക്കു ശേഷം മറ്റൊരു എ-ലീഗ് താരം കൂടി ക്ലബിലെത്തുന്നു

ട്രാൻസ്ഫർ മാർക്കറ്റിൽ പണമെറിഞ്ഞ് എടികെ. ഫിജി നായകൻ റോയ് കൃഷ്ണയ്ക്കു ശേഷം എ-ലീഗ് ക്ലബ് വെല്ലിംഗ്ടൺ ഫീനിക്സിൻ്റെ മറ്റൊരു താരം കൂടി ക്ലബിലെത്തുമെന്നാണ് റിപ്പോർട്ട്. ക്ലബിൻ്റെ ഫോർവേഡ് ഡേവിഡ് വില്ല്യംസുമായി എടികെ മാനേജ്മെൻ്റ് കരാറിലെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുയരുന്നത്. ഇതോടെ എ-ലീഗിലെ ഗോളടി യന്ത്രങ്ങൾ എടികെ ആക്രമണം നയിക്കാനുള്ള സാധ്യത ഏറുകയാണ്.

കഴിഞ്ഞ സീസണിൽ വെല്ലിംഗ്ടൺ ഫീനിക്സിനു വേണ്ടി 27 മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് ഡേവിഡ് നേടിയത്. റോയ് കൃഷ്ണ 18 ഗോളുകളുമായി സീസൺ ടോപ്പ് സ്കോററായപ്പോൾ ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത് 29 ഗോളുകൾ. ഓസ്ട്രേലിയയുടെ അണ്ടർ-17, അണ്ടർ-20 ടീമുകളിൽ കളിച്ചിട്ടുള്ള ഈ 31കാരൻ അസാമാന്യ വേഗത കൊണ്ട് ശ്രദ്ധേയനാണ്. മികച്ച ടെക്നിക്കൽ എബിലിറ്റിയുള്ള ഡേവിഡ് ഇരു വിങ്ങുകളിലും ഒപ്പം സെൻ്റർ ഫൊർവേഡായും കളിക്കാൻ കഴിവുള്ള താരമാണ്.

നേരത്തെ ഈസ്റ്റ് ബംഗാളിൽ നിന്നും വൻ തുക മുടക്കി മലയാളി ഫോർവേഡ് ജോബി ജസ്റ്റിനെ ടീമിലെത്തിച്ച എടികെ കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മറികടക്കാനുള്ള ശ്രമത്തിലാണ്. കൊൽക്കത്തയെ ഒരു വട്ടം ചാമ്പ്യന്മാരാക്കിയ അൻ്റോണിയോ ഹബാസസിനെ പരിശീലക സ്ഥാനത്തേക്കു തിരിച്ചു വിളിച്ച എടികെ മൈക്കൽ സൂസൈരാജ്, മൈക്കൽ റെഗിൻ എന്നിവരെയും ടീമിലെത്തിച്ചു. അതിനു ശേഷമാണ് കഴിഞ്ഞ സീസണിലെ എലീഗ് ടോപ്പ് സ്കോററും ഫിജി ദേശീയ ടീം നായകനുമായ റോയ് കൃഷ്ണയെ ടീമിലെത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top