ബാലഭാസ്‌ക്കറിന്റെ അപകട മരണം; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദ്ദേശം

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദ്ദേശം. രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. സ്വർണക്കടത്ത് കേസ് പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ബാലഭാസ്‌കറിന്റെ മരണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധം സംബന്ധിച്ചാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ, ഉണ്ടെങ്കിൽ എന്തെല്ലാം കാര്യങ്ങളിലാണ് സംശയമുള്ളത്, സ്വർണക്കടത്തുമായി ഇതിനുള്ള ബന്ധമെന്ത്, അന്വേഷണം ഇപ്പോൾ ഏത് നിലയിലാണ് എന്നീ കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകണം. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ ഇടപെടലുകൾ സംബന്ധിച്ച് വ്യക്തത വേണമെന്നും കോടതി നിർദ്ദേശിച്ചു.

നേരത്തെ ബാലഭാസ്‌കറിൻറെ മരണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവർ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതേത്തുടർന്ന് ബാലഭാസ്‌കറിൻറെ മരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിൻറെ അച്ഛൻ ഉണ്ണിയടക്കം രംഗത്തെത്തുകയുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top