ബാബർ അസമിന് അർദ്ധസെഞ്ചുറി; പാക്കിസ്ഥാൻ ശക്തമായ നിലയിൽ

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ ശക്തമായ നിലയിൽ. 30 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണ് പാക്കിസ്ഥാൻ നേടിയിരിക്കുന്നത്. അർദ്ധസെഞ്ചുറിയടിച്ച് പുറത്താവാതെ നിൽക്കുന്ന ബാബർ അസമിലാണ് പാക്കിസ്ഥാൻ്റെ പ്രതീക്ഷകൾ.

238 റൺസ് പിന്തുടർന്നിറങ്ങിയ പാക്കിസ്ഥാൻ നന്നായി തുടങ്ങിയെങ്കിലും മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത ഫഖർ സമാനെ ട്രെൻ്റ് ബോൾട്ട് മാർട്ടിൻ ഗപ്റ്റിലിൻ്റെ കൈകളിലെത്തിച്ചു. ശേഷം ക്രീസിലെത്തിയ ബാബർ അസവും ഇമാമുൽ ഹഖും ചേർന്ന് ചില മികച്ച ഷോട്ടുകളുതിർത്തെങ്കിലും 11ആം ഓവറിൽ പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. വില്ല്യംസണിൻ്റെ ആദ്യ ബൗളിംഗ് ചേഞ്ചാണ് പാക്കിസ്ഥാൻ്റെ രണ്ടാം വിക്കറ്റ് വീഴ്ത്തിയത്. ലോക്കി ഫെർഗൂസൻ്റെ പന്തിൽ 19 റൺസെടുത്ത ഇമാമുൽ ഹഖിനെ ഗപ്റ്റിൽ ഉജ്ജ്വലമായി പിടികൂടുകയായിരുന്നു.

ശേഷം അസമിനോടൊപ്പം മുഹമ്മദ് ഹഫീസ് ക്രീസിലൊത്തു ചേർന്നു. ന്യൂസിലൻഡ് ബൗളിംഗ് അറ്റാക്കിനെ സമർദ്ധമായി നേരിട്ട ഇരുവരും മികച്ച രീതിയിൽ സ്കോർബോർഡ് ചലിപ്പിച്ചു. മോശം പന്തുകൾ തേടിപ്പിടിച്ച് അതിർത്തി കടത്തിയ അസം-ഹഫീസ് കൂട്ടുകെട്ട് പാക്കിസ്ഥാനെ മത്സരത്തിൽ തന്നെ നിർത്തി. വീണ്ടും ഒരു ചേഞ്ചാണ് പാക്കിസ്ഥാൻ്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്.

25ആം ഓവറിൽ സ്വയം പന്തെടുത്ത വില്ല്യംസണിനെ ക്രീസ് വിട്ട് പ്രഹരിക്കാൻ ശ്രമിച്ച ഹഫീസിനു പിഴച്ചു. ലോക്കി ഫെർഗൂസന് പിടികൊടുത്തു മടങ്ങുമ്പോൾ 32 റൺസായിരുന്നു ഹഫീസിൻ്റെ സമ്പാദ്യം. അസവുമായി മൂന്നാം വിക്കറ്റിൽ 66 റൺസിൻ്റെ മികച്ച കൂട്ടുകെട്ടും ഹഫീസ് പടുത്തുയർത്തിയിരുന്നു.

തുടർന്ന് കഴിഞ്ഞ മത്സരത്തിലെ പാക്കിസ്ഥാൻ്റെ ഹീറോ ഹാരിസ് സൊഹൈൽ ക്രീസിലെത്തി. ഇതിനിടെ 65 പന്തുകളിൽ ബാബർ അസം തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചിരുന്നു. നിലവിൽ 51 റൺസെടുത്ത അസവും 15 റൺസെടുത്ത ഹാരിസ് സൊഹൈലുമാണ് ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top