ജനറൽ സീറ്റിൽ ഒപ്പം ഇരുന്നു; യുവതിയുടെ പരാതിയിൽ ഭിന്നശേഷിക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കെഎസ്ആർടിസി ബസിലെ ജനറൽ സീറ്റിൽ ഒപ്പം ഇരുന്ന ഭിന്നശേഷിക്കാരനെതിരെ യുവതിയുടെ പരാതി. കുട്ടനാട് സ്വദേശി മനുപ്രസാദി (33)ന് എതിരെയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസിനെതിരെ സോഷ്യൽ മീഡിയയുടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചങ്ങൻകുളങ്ങരയിൽനിന്നാണ് യുവാവ് ബസിൽ കയറിയത്. വലതുകാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയർക്കുകയും എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. തൻ്റെ കാലിന് വേദനയാണെന്ന് മനുപ്രസാദ് അറിയിച്ചതിനെത്തുടർന്ന് യുവതി തന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറി.
പിന്നീട്, യുവതി തൻ്റെ ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. ഭർത്താവ് പൊലീസുകാരനാണെന്നും റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ ഭർത്താവ് കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. തുടർന്ന് ഇയാൾ കായംകുളം പോലീസിൽ പരാതി നൽകി. തുടർന്ന് ഹരിപ്പാട്ട് സ്റ്റാൻഡിൽ എത്തിയ ബസ് തടഞ്ഞ് ഹൈവേ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും ചൊവ്വാഴ്ച സ്‌റ്റേഷനിലെത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, യുവാവ് എത്തിയെങ്കിലും യുവതി ഹാജരായില്ല. തുടർന്ന് യുവാവിനെ പൊലീസ് വിട്ടയച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here