തനിക്കെതിരെ ആരാധകരുടെ ബോഡി ഷെയ്മിംഗ്; താൻ ഹോട്ടലിലെത്തുമ്പോൾ ഭാര്യ കരയുകയായിരുന്നുവെന്ന് സർഫറാസ് അഹ്മദ്

ഇന്ത്യക്കെതിരായ ലോകകപ്പ് തോൽവിക്കു ശേഷം പാക്കിസ്ഥാൻ ടീമിനെതിരെയും പ്രത്യേകിച്ച്, ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെതിരെ രൂക്ഷമായ വെർബൽ ആക്രമണങ്ങളാണ് പാക്കിസ്ഥാൻ ആരാധകർ അഴിച്ചു വിട്ടത്. സോഷ്യൽ മീഡിയയിലൂടെ ടീമിനെയും സർഫറാസിനെയും ട്രോളിയ ആരാധകർ ഗ്രൗണ്ടിലും അവരെ വെറുതെ വിട്ടില്ല. ആരാധക രോഷം ഏറ്റവുമധികം ഏൽക്കേണ്ടി വന്നത് സർഫറാസ് അഹ്മദിനു തന്നെയായിരുന്നു.

മത്സരം കാണാനെത്തിയ ആരാധകർ സർഫറാസ് അഹ്മദിനെ ബോഡി ഷെയിമിംഗ് നടത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ട് തൻ്റെ ഭാര്യ കരഞ്ഞു എന്നാണ് ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഐസിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“ഞാൻ തിരികെ ഹോട്ടലിലേക്ക് ചെല്ലുമ്പോൾ എൻ്റെ ഭാര്യ ഈ വീഡിയോ കണ്ട് കരയുകയായിരുന്നു. അത് വെറുമൊരു വീഡിയോ ആണെന്ന് എനിക്ക് അവളെ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു. ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാണ്. നമ്മൾ നന്നായി കളിക്കാതിരിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും.”- സർഫറാസ് പറഞ്ഞു.

അതേ സമയം, ആ വീഡിയോയ്ക്കെതിരെ ഒരുപാട് പേർ പ്രതികരിച്ചിരുന്നുവെന്നും ഇതൊക്കെ ആരാധന അധികരിച്ചതു കൊണ്ട് സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുമ്പോൾ അവർ ഒരുപാട് സ്നേഹിക്കാരുണ്ടെന്നും പരാജയപ്പെടുമ്പോൾ അവർ ഇങ്ങനെ പ്രതികരിക്കുന്നത് സ്നേഹം കൊണ്ടാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top