ഓയോക്കെതിരെ സമാന്തര ഓൺലൈൻ പോർട്ടൽ തുടങ്ങുമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ

ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് രംഗത്തെ ഭീമനായ ഓയോക്ക് സമാന്തരമായി ബുക്കിംഗ് പോർട്ടൽ ആരംഭിക്കുമെന്ന് കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. ആദ്യം വലിയ ഓഫറുകൾ തന്ന് കരാറൊപ്പിട്ട ഓയോ പിന്നീട് ഹോട്ടലുകളുടെ വയറ്റത്തടിക്കുകയാണെന്ന് അസോസിയേഷൻ സെക്രട്ടറി ടി.ജെ മനോഹരൻ പറഞ്ഞു. ചെറുകിട ഹോട്ടലുടമകളുടെ ഉപജീവനത്തെ ആണ് ഓയോ തകർക്കുന്നത്. ഇതിനെ ക്രിയാത്മമകമായി നേരിടാനാണ് സമാന്തര പോർട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓയോക്കെതിരെ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിൽ ചെറുകിട ഹോട്ടലുടമകൾ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നിലവിൽ ഓയോ ഹോട്ടലുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ ഒഴിവാക്കിയാൽ തന്നെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിന് റൂമുകൾ വിൽക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പത്തടിപ്പാലം മെട്രോ സ്റ്റേഷന് മുന്നിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിൽ നൂറോളം ഹോട്ടലുടമകൾ പങ്കെടുത്തു. നിരവധി ഹോട്ടലുടമകൾ ഓയോയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങാനുള്ള കത്തുമായാണ് വന്നത്. എന്നാൽ കത്ത് സ്വീകരിക്കാൻ ഓയോ അധികൃതർ തയ്യാറായില്ല. തുടർന്ന് പ്രതിഷേധക്കാർ ഓയോ ടാബുകൾ പ്രതീകാത്മകമായി തകർത്തു. ഓയോ അധികൃതർ സമരക്കാരുമായി ചർച്ച ചെയ്യാൻ തയ്യാറാവാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ തങ്ങളുടെ മിനിമം നിരക്കിനേ റൂമുകൾ അനുവദിക്കൂ എന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അതേസമയം, കമ്പനിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ താറുമാറാക്കാനും ഇടപാടുകാർക്കും ഹോട്ടലുടമകൾക്കും അസൗകര്യമുണ്ടാക്കുവാനും ചില തൽപര ഗ്രൂപ്പുകൾ ശ്രമിക്കുകയാണെന്ന് ഓയോ ഹോട്ടൽസ് ആന്റ് ഹോംസ് ഇന്ത്യ, സൗത്ത് ഏഷ്യ ചീഫ് സപ്ലൈ ഓഫീസർ ആയുഷ് മാത്തൂർ പറഞ്ഞു. അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കേരളത്തിലെമ്പാടുമുള്ള ഇടപാടുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ ഓയോ പ്രതിജ്ഞാബദ്ധമായിരിക്കും. ചെറിയ വിഭാഗം തൽപരകക്ഷികൾ ഓയോ ഹോട്ടൽസിനെ ബോയിക്കോട്ട് ചെയ്യുകയാണെന്ന അവകാശവാദമുയർത്തിയിട്ടുണ്ട്. അവരിൽ പലരും ഓയോ ഹോട്ടൽസുമായി ബന്ധമുള്ളവർ പോലുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top