Advertisement

കോലി നയിച്ചു; ധോണി ഫിനിഷ് ചെയ്തു: ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

June 27, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 268 റൺസാണ് ഇന്ത്യ നേടിയത്. 72 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. എംഎസ് ധോണി, ഹർദ്ദിക് പാണ്ഡ്യ എന്നിവരും ഇന്ത്യൻ ടോട്ടലിലേക്ക് ശ്രദ്ധേയമായ സംഭാവന നൽകി. മൂന്നു വിക്കറ്റിട്ട കെമാർ റോച്ചാണ് ഇന്ത്യയ്ക്ക് പ്രഹരമേല്പിച്ചത്. രണ്ട് വിക്കറ്റെടുത്ത ജേസൻ ഹോൾഡറും വിൻഡീസിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ സാവധാനത്തിലാണ് തുടങ്ങിയത്. വിൻഡീസ് പേസർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ സ്കോറിംഗ് മെല്ലെയായി. 29 റൺസുകൾ മാത്രമാണ് ഓപ്പണർമാർക്ക് കൂട്ടിച്ചേർക്കാനായത്. ആറാം ഓവറിൽ തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തിൽ കുടുങ്ങി രോഹിത് ശർമ്മ പുറത്തായി. 18 റൺസെടുത്ത രോഹിതിനെ കെമാർ റോച്ച് വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ചു.

രണ്ടാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം ചേർന്ന വിരാട് കോലി അനായാസം റൺസ് കണ്ടെത്തി. സാവധാനത്തിൽ രാഹുലും ബൗണ്ടറികൾ നേടാൻ തുടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് വേഗത കൈവരിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസാണ് കൂട്ടിച്ചേർത്തത്. 21ആം ഓവറിൽ വീണ്ടും അടുത്ത വിക്കറ്റ്. അർദ്ധസെഞ്ചുറിക്ക് 2 റൺസ് അകലെ വെച്ച് രാഹുലിനെ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ക്ലീൻ ബൗൾഡാക്കി.

പിന്നാലെ 27ആം ഓവറിൽ 14 റൺസെടുത്ത വിജയ് ശങ്കറിനെ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ച റോച്ച് ഇന്ത്യയുടെ നാലാം നമ്പറിനെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വീണ്ടും എരിവു പകർന്നു. ഇതിനിടെ 55 പന്തുകളിൽ കോലി ലോകകപ്പിലെ തുടർച്ചയായ നാലാം അർദ്ധസെഞ്ചുറി കുറിച്ചു. 29ആം ഓവറിൽ വീണ്ടും റോച്ച്. കേദാർ ജാദവിനെതിരെ കോട്ട് ബിഹൈൻഡ് അപ്പീൽ ഓൺഫീൽഡ് അമ്പയർ തള്ളി. വീണ്ടും റിവ്യൂ. റോച്ചിന് മൂന്നാം വിക്കറ്റ്. ഏഴ് റൺസെടുത്താണ് ജാദവ് പുറത്തായത്.

ശേഷം ധോണി-കോലി കൂട്ടുകെട്ട്. ധോണി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും കോലി ഇടക്കിടെ ബൗണ്ടറി കണ്ടെത്താനും തുറ്റങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് വീണ്ടും വേഗത കൈവരിച്ചു. 40 റണ്ണുകൾ നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ജേസൻ ഹോൾഡറാണ് പൊളിച്ചത്. 72 റൺസെടുത്ത് മികച്ച നിലയിൽ ബാറ്റ് ചെയ്തിരുന്ന കോലിയെ ഹോൾഡർ ഡാരൻ ബ്രാവോയുടെ കൈകളിലെത്തിച്ചു.

പിന്നാലെ ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ നന്നായി ബാറ്റ് ചെയ്തു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തിയ പാണ്ഡ്യക്കൊപ്പം ധോണിയും ഫോമിലേക്കുയർന്നതോടെ അവസാന ഓവറുകളിൽ ഇന്ത്യൻ റൺ റേറ്റ് കുത്തനെ ഉയർന്നു. 49ആം ഓവറിൽ കോട്രലിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് പാണ്ഡ്യ മടങ്ങി. 38 പന്തുകളിൽ 46 റൺസെടുത്ത പാണ്ഡ്യ ഫേബിയൻ അലൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. പുറത്താവുമ്പോൾ ധോണിയുമായി ആറാം വിക്കറ്റിൽ 70 റൺസ് പാണ്ഡ്യ കൂട്ടിച്ചേർത്തിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ ഷായ് ഹോപ്പിനു ക്യാച്ച് നൽകി മുഹമ്മദ് ഷമി (0)യും മടങ്ങി.

അവസാന ഓവറിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 16 റൺസടിച്ച ധോണി 59 പന്തുകളിൽ അർദ്ധസെഞ്ചുറിയിലെത്തി. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ധോണിയും (56) കുൽദീപ് യാദവും (0) പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here