Advertisement

ഇന്ത്യയുടെ അശ്വമേധം തുടരുന്നു; ജയം 125 റൺസിന്

June 27, 2019
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 125 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 269 വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 34.2 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. ബൗളർമാരുടെ ഉജ്ജ്വല പ്രകടനത്തിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയുയർത്താൻ സാധിച്ചില്ല. 31 റൺസെടുത്ത സുനിൽ ആംബ്രിസ് മാത്രമാണ് ഇന്ത്യൻ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിന്നത്. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. രണ്ട് വീതം വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും  യുസ്‌വേന്ദ്ര ചഹാലും ഷമിക്ക് മികച്ച പിന്തുണ നൽകി.

269 എന്ന വിജയലക്ഷ്യം പിന്തുടർന്നിരങ്ങിയ വിൻഡീസിനെ ഇന്ത്യൻ പേസർമാർ വിറപ്പിച്ചു നിർത്തി. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കടക്കം ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച മുഹമ്മദ് ഷമിയാണ് ഇത്തവണയും വിക്കറ്റ് വേട്ട ആരംഭിച്ചത്. 6 റൺസെടുത്ത ക്രിസ് ഗെയിലിനെ ഷമി കേദാറിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഷായ് ഹോപ്പിൻ്റെ കുറ്റി പിഴുത ഷമി വിൻഡീസ് ഓപ്പണർമാരെ മടക്കി അയച്ചു.

ശേഷം ക്രീസിലൊത്തു ചേർന്ന സുനിൽ ആംബ്രിസ്-നിക്കോളാസ് പൂരൻ കൂട്ടുകെട്ട് സാവധാനം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഇവർക്ക് ഭാഗ്യവും വേണ്ടുവോളമുണ്ടായിരുന്നു. മൂന്നു വട്ടമാണ് കണക്കുകൂട്ടലുകൾ പിഴച്ച ഇരുവരുടെയും ഷോട്ട് ഫീൽഡർമാർക്കിടയിൽ വീണത്. മൂന്നു വട്ടവും ഹർദ്ദിക് പാണ്ഡ്യ ആയിരുന്നു പന്തെറിഞ്ഞത്. ഒടുവിൽ ഈ കൂട്ടുകെട്ട് തകർത്തതും പാണ്ഡ്യ ആയിരുന്നു. 18ആം ഓവറിൽ സുനിൽ ആംബ്രിസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ പാണ്ഡ്യ മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. 31 റൺസെടുത്ത ആംബ്രിസ് മൂന്നാം വിക്കറ്റിൽ നിക്കോളാസ് പൂരനൊപ്പം 55 റൺസ് കൂട്ടിച്ചേർത്തിരുന്നു.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. 21ആം ഓവറിൽ നിക്കോളാസ് പൂരനെ ഷമിയുടെ കൈകളിലെത്തിച്ച കുൽദീപ് മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി. 28 റൺസെടുത്താണ് പൂരൻ പുറത്തായത്. 24ആം ഓവറിൽ ജെസൻ ഹോൾഡറിനെ (6) കേദാർ ജാദവിൻ്റെ കൈകളിലെത്തിച്ച ചഹാലും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

25ആം ഓവറിൽ ബുംറയെ തിരികെ വിളിക്കാനുള്ള കോലിയുടെ തീരുമാനം 27ആം ഓവറിൽ ലക്ഷ്യം കണ്ടു. ആദ്യ പന്തിൽ കഴിഞ്ഞ മത്സരത്തിലെ ഹീറോ കാർലോസ് ബ്രാത്‌വെയ്‌റ്റിനെ (1) എംഎസ് ധോണിയുടെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത പന്തിൽ ഫേബിയൻ അലനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കി. 29ആം ഓവറിൽ ഹെട്‌മയറുടെ വിക്കറ്റെടുത്ത ഷമി ബൗളിംഗ് നേട്ടം മൂന്നാക്കി ഉയർത്തി. 18 റൺസെടുത്ത ഹെട്‌മെയർ പുറത്തായതോടെ വിൻഡീസ് തകർന്നു.

30ആം ഓവറിൽ ഷെൽഡൻ കോട്രലിനെ (10) പുറത്താക്കിയ യുസ്‌വേന്ദ്ര ചഹാൽ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി. ഓവറിലെ ആദ്യ രണ്ട് പന്തുകൾ ബൗണ്ടറിയും സിക്സറും അടിച്ചെങ്കിലും അഞ്ചാം പന്തിൽ ചഹാൽ കോട്രലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. ചഹാൽ എറിഞ്ഞ 32ആം ഓവറിലെ രണ്ടാം പന്തിൽ രോഹിത് ശർമ്മയും അവസാന പന്തിൽ ലോകേഷ് രാഹുലും ഒഷേൻ തോമസിനെ നിലത്തിട്ടു.

ഒഷേൻ തോമസും കെമാർ റോച്ചും ചേർന്ന അവസാന വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അലോസരപ്പെടുത്തിയെങ്കിലും 35ആം ഓവറിലെ രണ്ടാം പന്തിൽ ഒഷേൻ തോമസിനെ പുറത്താക്കിയ മുഹമ്മദ് ഷമി ഇന്ത്യയെ വിജയത്തിക്കുകയായിരുന്നു. ആറു റൺസെടുത്ത തോമസിനെ രോഹിതാണ് പിടികൂടിയത്. ജയത്തോടെ ഇന്ത്യ പോയിൻ്റ് ടേബിളിൽ മൂന്നാമതെത്തി. ആറു മത്സരങ്ങളിൽ 5 ജയവും ഒരു സമനിലയുമടക്കം ഇന്ത്യക്ക് 11 പോയിൻ്റുകളുണ്ട്. 12 പോയിൻ്റുള്ള ഓസ്ട്രേലിയയാണ് ടേബിളിൽ ഒന്നാമത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here