ആധാർ കൈവശമുള്ളവർക്ക് മൈ ആധാർ മത്സരവുമായി കേന്ദ്രം; സമ്മാനത്തുക 30000

ആധാർ കൈവശമുള്ളവർക്ക് മൈ ആധാർ മത്സരവുമായി യുഐഡിഎഐ. 30000 രൂപ വരെ സമ്മാനം ലഭിക്കാവുന്ന മത്സരവുമായാണ് യുഐഡിഎഐ രംഗത്തു വന്നിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട് വീഡിയോകൾ തയ്യാറാക്കലാണ് മത്സരം. യുഐഡിഎഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ മത്സരത്തിൻ്റെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്.

ആധാറുമായി ബന്ധപ്പെട്ട് 15 ഓണ്‍ലൈന്‍ സര്‍വീസുകള്‍ യുഐഡിഎ നല്‍കുന്നുണ്ട്. ഇതിലേതെങ്കിലും തെരഞ്ഞെടുത്ത് കൂടുതല്‍ സംവേദനക്ഷമവും ആശയസമ്പുഷ്ടവുമായ വീഡിയോ തയ്യാറാക്കുകയാണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. ആധാര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, ആധാര്‍ കേന്ദ്ര കണ്ടെത്തല്‍, മേല്‍വിലാസം പുതുക്കല്‍ തുടങ്ങി ഓണ്‍ലൈന്‍ വഴി യുഐഡിഎ നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ചാണ് വീഡിയോ തയ്യാറാക്കേണ്ടത്.

30 സെക്കന്‍ഡുകള്‍ മുതല്‍ 120 സെക്കന്‍ഡുകള്‍ വരെ ദൈര്‍ഘ്യമുളള വീഡിയോയാണ് മത്സരാര്‍ത്ഥി നല്‍കേണ്ടത്. ക്രിയാത്മകവും ആശയസമ്പുഷ്ടവുമായ ഗ്രാഫിക്കല്‍, അനിമേഷന്‍ വീഡിയോയാണ് തയ്യാറാക്കേണ്ടത്. ഇതില്‍ ആധാറുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നുകൊടുക്കുന്നതും കൂടുതല്‍ ആകര്‍ഷണീയവുമായ വീഡിയോ തെരഞ്ഞെടുത്ത് സമ്മാനം നല്‍കാനാണ് യുഐഡിഎഐ തീരുമാനിച്ചിരിക്കുന്നത്.

ജൂലായ് എട്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുളള അവസാന തീയതി. വിജയിയെ ഓഗസ്റ്റ് 31ന് മുന്‍പ് ഇമെയില്‍ വഴി അറിയിക്കും. ആധാര്‍ കൈവശമുളളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ആധാറിന്റെ പ്രചാരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top