പീരുമേട് കസ്റ്റഡി മരണം; പ്രതിയെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിച്ച് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പൊലീസ് വാദം പൊളിച്ച് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. പ്രതിയെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദത്തിന് എതിരായാണ് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി ആലീസ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പന്ത്രണ്ടാം തീയതി ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് രാജ്കുമാറിനെ നാട്ടുകാർ പിടികൂടിയത്. പൊലീസ് എത്തി കൊണ്ടുപോകുമ്പോൾ രാജ്കുമാർ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും ആലീസ് വ്യക്തമാക്കി.

തങ്ങൾ ഇരുപതോളം പേർ ചേർന്നാണ് രാജ്കുമാറിനെ പൊലീസിന് കൈമാറിയത്. താനാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. റെജികുമാർ, സാബു എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പ്രതിയെ കൈമാറിയതെന്നും ആലീസ് പറയുന്നു. പൊലീസിനെ ഏൽപ്പിക്കുമ്പോൾ രാജ്കുമാർ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും ആലീസ് വ്യക്തമാക്കുന്നു. പ്രതിയെ ഓടിച്ചിട്ട് പിടിച്ചതാണെന്നായിരുന്നു പൊലീസിന്റെ വാദം.

അതേസമയം, ആശുപത്രിയിൽ എത്തിക്കുമ്പോൾ പ്രതിക്ക് എഴുന്നേൽക്കാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടർമാരായ വിഷ്ണുവും പത്മദേവും വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ കാലിൽ നീരുണ്ടായിരുന്നു. ജയിലിലേക്ക് മാറ്റാൻ പറ്റിയ സാഹചര്യമായിരുന്നില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നാൽ അത് കേൾക്കാതെയാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്. പ്രതി ഭയന്നിരുന്നതായും ഡോക്ടർമാർ വ്യക്തമാക്കി. കേസിൽ നിർണ്ണായകമാകുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. അതിനിടെ, സംഭവത്തിൽ തെളിവു നശിപ്പിക്കൽ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലുള്ള ക്രൈം ബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു പീരുമേട് സബ് ജയിലിൽ മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top