ഹോങ്കോങ്ങില്‍ കുറ്റവാളി കൈമാറ്റ നിയമത്തിനെതിരായ പ്രതിഷേധം മൂന്നാം ആഴ്ച്ചയിലേക്ക്

ഹോങ്കോങ്ങില്‍ കുറ്റവാളി കൈമാറ്റ നിയമത്തിനെതിരായ പ്രതിഷേധം മൂന്നാം ആഴ്ച്ചയിലേക്ക് കടക്കുന്നു. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സമരം കടുപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചൈനയില്‍ നിന്നും പൂര്‍ണ്ണ സ്വാതന്ത്യം വേണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

വിവാദ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിച്ചിട്ടും സമരം അവസാനിപ്പിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പതിനായിരത്തലധികം പേരാണ് ഇന്ന് നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. നീതിന്യായ സെക്രട്ടറിയുടെ ഓഫീസിന് മുന്നിലായിരുന്നു ഇന്നത്തെ പ്രതിഷേധം. ഹോങ്കോങ്ങ് ജനാധിപത്യത്തെ സ്വതന്ത്ര്യമാക്കുക എന്നതാണ് സമരക്കാര്‍ പുതുതായി ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. വിവാദ നിയമം പിന്‍വലിച്ചത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പ്രതിഷേധക്കാര്‍ പിന്മാറിയിട്ടില്ല. പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ചൈനയൊഴികെയുള്ള 19 രാജ്യങ്ങളും ജി 20 ഉച്ചകോടിയില്‍ വിഷയം ഉന്നയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാര്‍.

വിചാരണയക്കായി ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന നിയമം കൊണ്ടുവന്നതോടെയാണ് ഹോങ്കോങ്ങില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് നിയമം പിന്‍വലിക്കുകയും ചീഫ് എക്‌സിക്യൂട്ടീവ് ക്യാരി ലാം മാപ്പ് പറയുകയും ചെയ്തിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top