അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് ട്രംപ്

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ജി 20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ജപ്പാനിലെ ഒസാക്കയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന ജി. 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തുന്നത്. അടുത്തിടെ ഈ തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തീരുവ പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നേരത്തെയും ഇന്ത്യ ചുമത്തുന്ന തീരുവയ്ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. തീരുവ ചുമത്തുന്നതില്‍ ഇന്ത്യ രാജാവാണെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വളരെ ഉയര്‍ന്ന തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.
ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് പദ്ധതി പ്രകാരം ഇന്ത്യക്ക് നല്‍കിവരുന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കാന്‍ നേരത്തെ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഇന്ത്യയുടെ സ്റ്റീല്‍,അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി വര്‍ദ്ധിപ്പിച്ചു. ഇതിന് മറുപടിയായാണ് അമേരിക്കയുടെ 29 ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here