പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായികയാണ് വിജയ നിര്‍മ്മല.
മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമായ ഭാര്‍ഗവി നിലയത്തിലെ ഭാര്‍ഗവികുട്ടി എന്ന നായിക കഥാപാത്രത്തെ അനശ്വരമാക്കിയത് വിജയ നിര്‍മ്മലയാണ്. ഭാര്‍ഗ്ഗവീനിലയത്തിലെ അനശ്വര ഗാനങ്ങള്‍ക്കൊപ്പം മനസ്സില്‍ തെളിയുന്ന സുദീപ്തമായ മുഖമാണ് വിജയ നിര്‍മ്മലയുടേത്.
റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട തുടങ്ങി 25 ലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.
കവിത എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ വനിതാ സംവിധായികയായി വിജയ നിര്‍മ്മല. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് ബുക്ക് റെക്കോഡിനും ഉടമയായി. വിവിധ ഭാഷകളിലായി 44 സിനിമകള്‍ സംവിധാനം ചെയ്തു.
1944 ഫെബ്രുവരി 20 ന് തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മ്മല 13 ാം വയസ് മുതല്‍ ചലച്ചിത്രാഭിനയ രംഗത്ത് സജീവമായി. നേരമു ശിക്ഷ എന്ന തെലുങ്കു ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. പാലൊളിചന്ദ്രിക പരത്തുന്ന ആ മൃദു മന്ദഹാസവും പാതിരാക്കാറ്റില്‍ ഇളകുന്ന പട്ടുറുമാലും ഇനി ഓര്‍മ്മകളില്‍ മാത്രം.