ചന്ദ്രബാബു നായിഡുവിനോട് വീടൊഴിയാൻ ഉത്തരവിട്ട് സർക്കാർ

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് വീടൊഴിയാൻ ഉത്തരവിട്ട് സർക്കാർ. സംസ്ഥാനത്തെ 20 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ കെട്ടിടയുടമകൾക്ക് സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ വസതിയും ഉൾപ്പെടുന്നത്.

നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച ‘പ്രജാ വേദിക’എന്ന പേരിലുള്ള കോൺഫറൻസ് ഹാൾ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു.

നായിഡുവിന്റെ ബംഗ്ലാവായ ലിംഗമാനേനി ഗസ്റ്റ് ഹൗസാണ് പൊളിച്ചു നീക്കുന്നത്. ഗുണ്ടൂർ ജില്ലയിലെ കൃഷ്ണനദീ തീരത്താണ് ബംഗാവ്. നദീസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ബംഗ്ലാവ് പണിതതെന്നും കോൺഫറൻസ് ഹാൾ നിർമിച്ചപ്പോഴുണ്ടായ എല്ലാ ലംഘനവും ഇവിടേയും സംഭവിച്ചിട്ടുണ്ടെന്ന് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞിരുന്നു.

എന്നാൽ വൈ.എസ്.ആർ. കോൺഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ടി.ഡി.പി ആരോപിച്ചു. കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റേതായി അവിടെയുണ്ടായിരുന്ന നിരവധി വസ്തുക്കൾ അവർ നശിപ്പിച്ചെന്നും യാതൊരു മനസാക്ഷിയും കാണിച്ചില്ലെന്നും ടി.ഡി.പി കുറ്റപ്പെടുത്തി. 2016 മുതൽ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് ചന്ദ്രബാബു നായിഡു താമസിച്ചത്. ഹൈദരാബാദിൽ നിന്നും അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനെ തുടർന്നായിരുന്ന ഇത്.

പാർട്ടി യോഗങ്ങളുൾപ്പെടെ ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. ആന്ധ്രാപ്രദേശ് കാപിറ്റൽ റീജിയൻ അതോറിറ്റിയായിരുന്നു ഹാൾ നിർമ്മിച്ചുനൽകിയത്. വസതിയോട് ചേർന്നുതന്നെയായിരുന്നു ഹാളും നിർമിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More